അക്കാദമിക വർഷത്തിന് തുടക്കമായി
1435938
Sunday, July 14, 2024 4:53 AM IST
മൂവാറ്റുപുഴ: നിർമല കോളജ് (ഓട്ടോണോമസ്) സിവിൽ സർവീസ് അക്കാദമിയുടെ 2024-25 അക്കാദമിക വർഷത്തിന് തുടക്കമായി. എംസിഎ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഡയറക്ടറും എറണാകുളം റേഞ്ച് ഡിഐജിയുമായ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്തു.
ആഗ്രഹത്തെ നേടിയെടുത്ത് ലക്ഷ്യത്തിലേക്ക് എത്താൻ തീവ്രമായി പരിശ്രമിക്കണമെന്നും ഇതിനായി സഹായിക്കുന്ന കഴിവുകളെ സ്വയം വളർത്തിയെടുക്കണമെന്നും പുട്ട വിമലാദിത്യ പറഞ്ഞു. സ്കൂൾ വിദ്യാർഥികൾക്കായുള്ള ഫണ്ടമെന്റൽസ്, കോളജ് വിദ്യാർഥികൾക്കായി ഫൗണ്ടേഷൻ, റെഗുലർ എന്നീ ബാച്ചുകളുടെ ക്ലാസുകൾക്കാണ് തുടക്കമിട്ടത്.
കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, കോളജ് ഓട്ടോണോമസ് ഡയറക്ടർ ഡോ. കെ.വി. തോമസ്, സിവിൽ സർവീസ് അക്കാദമി അഡ്മിനിസ്ട്രേറ്ററും കോളജ് ബർസാറുമായ ഫാ. പോൾ കളത്തൂർ, ബോർഡംഗം റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, ഫാ. പോൾ ചൂരത്തൊട്ടി, വിദ്യാർഥി പ്രതിനിധി അലേന ജെ. കുരുവിത്തടം എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജിസ്നി ജോസിന് ആദരവും നൽകി. ചടങ്ങിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.