സബ്സിഡി മണ്ണെണ്ണ വിതരണം പുനരാരംഭിക്കണമെന്ന് കിഫ
1430937
Sunday, June 23, 2024 4:51 AM IST
കോതമംഗലം: റേഷൻ കടകൾ വഴി നൽകിയിരുന്ന സബ്സിഡി മണ്ണെണ്ണയുടെ വിതരണം പുനരാരംഭിക്കണമെന്ന് കിഫ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലയോര മേഖല നേരിടുന്ന വന്യമൃഗ ആക്രമണങ്ങളും, കൃഷിനാശവും ജനജീവിതം ദുസഹമാക്കിയിരിക്കുന്പോൾ വെളിച്ചത്തിന് മണ്ണ ലഭ്യമല്ലാത്തതിനാൽ രാത്രിയിൽ പുറത്തിറങ്ങാൻപോലുമാവാതെ ആദിവാസികൾ അടക്കമുള്ള കർഷകർ പ്രതിസന്ധിയിലാണ്.
ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത മലയോരമേഖലകളിൽ റേഷൻ കടകൾ വഴി കിട്ടിയിരുന്ന മണ്ണെണ്ണ പൂർണമായി നിലച്ചിട്ട് ഏതാണ്ട് ഒരു വർഷത്തോളമാകുന്നു. കിട്ടിയിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് തീ പന്തങ്ങൾ ഉണ്ടാക്കിയും, പാട്ട കൊട്ടിയുമൊക്കെയായിരുന്നു വനമേഖലയിൽ താമസിക്കുന്നവർ വന്യമൃഗങ്ങളെ ഒരു പരിധിവരെ തുരത്തിയിരുന്നത്.
എന്നാൽ റേഷനായെങ്കിലും കിട്ടിയിരുന്ന മണ്ണെണ്ണ നിലച്ചതോടെ രാത്രിയിൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് കർഷകരെന്ന് കിഫ എറണാകുളം ജില്ലാ പ്രസിഡന്റ് സിജുമോൻ ഫ്രാൻസിസ് പറഞ്ഞു.
റേഷൻ കടയിലെ ഇ-പോസ് മെഷീനിൽ കാർഡുടമയുടെ പേരിൽ മണ്ണെണ്ണ വിഹിതം കാണിക്കുമെങ്കിലും അലോട്ട്മെന്റ് ഇല്ലാത്തതിനാൽ മണ്ണെണ്ണ വരുന്നില്ലന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. മണ്ണെണ്ണ വിതരണം പുനസ്ഥാപിക്കാൻ കേരളം കേന്ദ്രത്തെ സമീപിക്കണമെന്നും ഇത്തരം കാര്യങ്ങൾക്കായി ബജറ്റിൽ പ്രത്യേകം തുക അനുവദിക്കണമെന്നും സിജുമോൻ ഫ്രാൻസിസ് ആവശ്യപ്പെട്ടു.