യോഗാ ദിനാചരണം
1430802
Saturday, June 22, 2024 4:49 AM IST
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, എറണാകുളം ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ, പുനരധിവാസത്തിനായി നടത്തിവരുന്ന മാരിവില്ല് ട്രാന്‍സ് ജെന്‍ഡര്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു.
പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സഹൃദയ അസി. ഡയറക്ടര്‍ ഫാ. സിബിന് മനയംപിള്ളി, ജില്ലാ ജസ്റ്റിസ് ബോര്‍ഡ് അംഗം ഷെറിന് ആന്റണി , മാരിവില്ല് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ സാന്‍ ജോ സ്റ്റീവ്, റോസ്മേരി ഡോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോണ ടെന്‍സണ്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്കി.
സ്പൈസസ് ബോര്‍ഡിന്റെ കൊച്ചിയിലെ ആസ്ഥാന മന്ദിരത്തിലെ ദിനാചരണത്തിന് യോഗ പരിശീലകന് വിനീഷ് കമ്മത്ത് നേതൃത്വം നല്കി. രാജ്യത്തെ 83ഓളം സ്പൈസസ് ബോര്‍ഡ് ഓഫീസുകളില്‍ നിന്ന് നിരവധി ജീവനക്കാര്‍ നേരിട്ടും ഓണ്‍ലൈനായും ക്ലാസില്‍ പങ്കെടുത്തു. സ്പൈസസ് ബോര്‍ഡ് ഡയറക്ടറായ ധര്‍മേന്ദ്ര ദാസ് അധ്യക്ഷത വഹിച്ചു.
കാരണക്കോടം സെന്റ് ജൂഡ്സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുട്ടികള്‍ യോഗാശില്പം തീര്‍ത്തത് ശ്രദ്ധ നേടി. അന്താരാഷ്ട്ര യോഗാചാമ്പ്യന്ഷിപ്പ് സ്വര്‍ണ മെഡല്‍ ജേതാവ് അന്വിത എസ്. ഭട്ട് യോഗാഭ്യാസ പ്രദര്‍ശനത്തിന് നേതൃത്വം നല്കി. സ്കൂള്‍ മാനേജര്‍ റവ.ഡോ. ഷിനു ഉതുപ്പാന്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മെര്ലിന് ജോര്‍ജ്, യോഗാപരിശീലക ലക്ഷ്മി, റോയിസ മരിയ റോബിന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ബി.വോക് ഫിറ്റ്നസ് മാനേജ്മെന്റ് ആൻഡ് പേർസണൽ ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തിൽ ഇഷാ ഫൌണ്ടേഷൻ കൊച്ചി ചാപ്റ്ററുമായി സഹകരിച്ച് യോഗ പരിശീലന ക്ലാസും, എൻസിസി, എൻഎസ്എസ്, ബി വോക് സ്പോർട്സ് ന്യൂട്രിഷൻ ആൻഡ് ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങൾ സംയുക്തമായി യോഗ പ്രകടനവും നടത്തി.
അങ്കമാലി: ഡീപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയില്‍ യോഗ ക്ലബ്ബും എന്‍എസ്എസ് യൂണിറ്റും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. യോഗചാര്യന്‍ ജൈജി സമഗ്ര യോഗ സെഷന് നേതൃത്വം നല്കി. ഡിസ്റ്റ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോണി ചാക്കോ മംഗലത്ത് അധ്യക്ഷത വഹിച്ചു. ജോണ്‍ സിജോ, അഞ്ചു വി.നായര്‍, വി. വിദ്യ എന്നിവര്‍ പ്രസംഗിച്ചു.
കറുകുറ്റി സ്റ്റാര്‍ ജീസസ് ഹൈസ്കൂളിലെ യോഗാ ദിനാചരണം പ്രധാനാധ്യാപകന് ഫാ. ജോണി ചിറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. എന്‍സിസി ഓഫീസര്‍ വില്മോന് പി. വര്‍ക്കി യോഗാഭ്യാസ പരിശീലനത്തിന് നേതൃത്വം നല്കി. വിദ്യാര്‍ഥികളും എന്‍സിസി കേഡറ്റുകളും പങ്കെടുത്തു.
വൈപ്പിൻ: യോഗാ ദിനത്തിൽ ഞാറക്കൽ സെന്റ് ജോസഫ്് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ ആശുപത്രിപ്പടി ജംഗ്ഷനിൽ റോഡ് ഷോ നടത്തി. യോഗ അധ്യാപിക ഷൈബി ജോളി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി. വിദ്യാർഥികൾ യോഗാസൂത്ത ശില്പം അവതരിപ്പിച്ചു. അധ്യാപിക റീറ്റാ ജെയിൻ ഷാരൺ സംസാരിച്ചു.
ഏലൂർ: ഫാക്ട് എംകെകെ നായർ മെമ്മോറിയൽ ഹാളിൽ നടന്ന യോഗ പരിശീലനത്തിന് ബ്രഹ്മകുമാരി രാധ നേതൃത്വം വഹിച്ചു. വിവിധ ഡിപ്പാർട്ടുമെൻരുകളിൽ നിന്നായി നിരവധി ജീവനക്കാർ പങ്കെടുത്തു. മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ അനുപം മിശ്ര, ഫിനാൻസ് വിഭാഗം ഡയറക്ടർ എസ്. ശക്തിമണി, ടെക്നിക്കൽ വിഭാഗം ഡയക്ടർ ഡോ. കെ. ജയചന്ദ്രൻ, എന്നിവർ പങ്കെടുത്തു.
പെരുമ്പാവൂർ: വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജിൽ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത യോഗാദിനാചരണ പരിപാടിക്ക് കോളജ് കായിക വിഭാഗം അധ്യാപകൻ എസ്. ശ്രീജിത് നേതൃത്വം നല്കി. പ്രിൻസിപ്പൽ ഡോ. ദേവസ്യ, അസോസിയേറ്റ് ഡയറക്ടർ ഫാ. ഡിപിൻ കരിങ്ങേൻ എന്നിവർ പ്രസംഗിച്ചു.
ആലുവ: റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി വി. അനിൽ ഉദ്ഘാടനം ചെയ്തു. വേദാന്ത ആയുർ യോഗയുടെ സഹകരണത്തോടെ നടന്ന ചടങ്ങിന് സീമ വേദാന്ത, രതീഷ് വേദാന്ത എന്നിവർ നേതൃത്വം നൽകി.