കരുമാലൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വീണ്ടും ചേരിപ്പോര്
1430800
Saturday, June 22, 2024 4:49 AM IST
കരുമാലൂർ: കരുമാലൂരിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ വീണ്ടും ചേരിപ്പോരിനെത്തുടർന്ന് തർക്കവും വാക്കേറ്റവും. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കു തടസമുണ്ടാക്കും വിധത്തിൽ പ്രശ്നം സൃഷ്ടിച്ച ജീവനക്കാരിക്കെതിരേ ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കഴിഞ്ഞ കുറേ നാളുകളായി കുടുംബാരോഗ്യ കേന്ദ്രത്തിൽ അടിക്കടി വാക്കേറ്റവും തർക്കങ്ങളും പതിവായിരിക്കുകയാണ്. ഇതിനെത്തുടർന്ന് 52 ദിവസം അവധിയിൽ പ്രവേശിച്ച ഹെഡ് നഴ്സ് ഇന്നലെ തിരികെ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണു വീണ്ടും മെഡിക്കൽ ഓഫീസറുമായി പ്രശ്നമുണ്ടായത്. മാഞ്ഞാലി സ്വദേശിനിയായ നഴ്സിന്റെ തല ഭിത്തിയിൽ ഇടിച്ച് പരുക്കേറ്റതായി പറയുന്നു.
സംഭവത്തെ തുടർന്ന് ആലങ്ങാട് പൊലീസ് സംഭവസ്ഥത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അടിക്കടി പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ തുടർന്നു കഴിഞ്ഞമാസം പഞ്ചായത്ത് കമ്മിറ്റി കൂടി വിഷയം ചർച്ച ചെയ്യുകയും അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ചതാണ്. എന്നാൽ വീണ്ടും തർക്കങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അറിയിച്ചിരിക്കുന്നത്.