ജൽജീവൻ മിഷൻ പദ്ധതി: റോഡുകളുടെ റീടാറിംഗ് വൈകുമെന്ന് മന്ത്രി
1430799
Saturday, June 22, 2024 4:49 AM IST
ആലുവ: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഭൂഗർഭ പൈപ്പുകൾ സ്ഥാപിച്ച റോഡുകളുടെ റീടാറിംഗ് വൈകുമെന്ന് വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പിഡബ്ല്യുഡി റോഡുകളും പഞ്ചായത്ത് റോഡുകളും തിരികെ കൈമാറാൻ വാട്ടർ അഥോറിറ്റി വൈകുന്നതിനെതിരേ ആലുവ എംഎൽഎ അൻവർ സാദത്ത് ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
പൈപ്പ് സ്ഥാപിക്കൽ പൂർത്തിയായെങ്കിലും ജലപ്രവാഹം നടത്തി സമ്മർദ പരിശോധന കഴിഞ്ഞ ശേഷമേ പൊതുമരാമത്ത് വകുപ്പിന് തിരികെ നൽകാനാകൂവെന്നും മന്ത്രി അറിയിച്ചു.
സാങ്കേതികമായ കാലതാമസം സംസ്ഥാനത്തെ എല്ലാ റോഡുകൾക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു. ജൽജീവൻ പദ്ധതിയിലെ പൈപ്പിടുന്നതിന് കുഴിയെടുത്തതോടുകൂടി വാഹന ഗതാഗതവും കാൽനട യാത്രയും ദുരിതമയമായതായി അൻവർ സാദത്ത് എംഎൽഎ നിയമസഭയിൽ പറഞ്ഞു.
ആലുവ - മൂന്നാർ റോഡിൽ തോട്ടുംമുഖം, കുട്ടമശേരി മേഖലകളിൽ വാഹനങ്ങൾ കുഴിയിൽ വീണ് മറിയുന്നതും പരസ്പരം ഇടിക്കുന്നതും പതിവായിരിക്കുകയാണെന്നും എംഎൽഎ ഉന്നയിച്ചു. ആലുവ - പെരുമ്പാവൂർ റോഡിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി മറുപടി നൽകി.