കൂത്താട്ടുകുളം മാർക്കറ്റ് റോഡിൽ കൃഷിഭവനു സമീപം വെള്ളക്കെട്ട്
1430793
Saturday, June 22, 2024 4:49 AM IST
കൂത്താട്ടുകുളം: മാർക്കറ്റ് റോഡിൽ കൃഷിഭവനു സമീപം വെള്ളക്കെട്ട് രൂക്ഷമാകുന്നു. മഴ ആരംഭിച്ചതോടെ റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഓടയിലൂടെ ഒഴുകി നീങ്ങാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്.
അഞ്ചു മിനിറ്റ് നേരം തുടർച്ചയായി മഴപെയ്താൽ ഈ ഭാഗം പൂർണമായും വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണുള്ളത്. ഇതോടെ ഇതുവഴിയുള്ള യാത്ര വളരെയധികം ദുഷ്കരമാണ്. വെള്ളക്കെട്ട് മൂലം ഏറെ പ്രയാസപ്പെടുന്നത് കാൽനടയാത്രക്കാരും പ്രദേശത്തെ വ്യാപാരികളുമാണ്.
വെള്ളം ക്രമാതീതമായി വർധിക്കുന്നതോടെ വാഹനങ്ങൾ കടന്നു പോകുന്പോൾ റോഡിലെ വെള്ളം സമീപത്ത് കടകളിലേക്കും കാൽനടയാത്രക്കാരുടെ ദേഹത്തേയ്ക്കും തെറിക്കുന്ന സ്ഥിതിയാണുള്ളത്.
ശക്തമായ മഴ ആരംഭിക്കുന്നതിനു മുന്പ് തന്നെ റോഡിൽ തുടർച്ചയായി വെള്ളക്കെട്ട് രൂപപ്പെട്ടതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.