മാവേലി സ്റ്റോർ പുനഃസ്ഥാപനം ചർച്ച ചെയ്യുമെന്ന് സപ്ലൈകോ എംഡി
1430601
Friday, June 21, 2024 5:14 AM IST
ഇലഞ്ഞി: മുത്തോലപുരത്തെ നിർത്തലാക്കിയ മാവേലി സ്റ്റോറിന്റെ വാടക പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മാവേലി സ്റ്റോർ പുനഃസ്ഥാപിക്കുന്ന കാര്യം സപ്ലൈകോ ബോർഡ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് എംഡി ശ്രീറാം വെങ്കിട്ടരാമൻ. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയംഗങ്ങളോടാണ് എംഡി ഇക്കാര്യം അറിയിച്ചത്.
വാടക കെട്ടിടത്തിൽ നിലവിൽ പ്രവർത്തിച്ചുവന്നിരുന്ന മാവേലി സ്റ്റോർ കഴിഞ്ഞ മാസം അവസാനമാണ് അടച്ചുപൂട്ടുന്നതിന് അധികൃതർ തീരുമാനിച്ചത്. പഞ്ചായത്ത് ഭരണസമിതി സിവിൽ സപ്ലൈസ് മന്ത്രിയോടും സപ്ലൈകോ എംഡിയോടും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മാവേലി സ്റ്റോറിന്റെ വാടക പഞ്ചായത്ത് ഏറ്റെടുത്താൽ തീരുമാനം പുനഃപരിശോധിക്കുന്നതിനായി ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്താമെന്ന് എംഡി അറിയിച്ചു.
ഇതേത്തുടർന്ന് വാടക ഏറ്റെടുക്കാൻ പഞ്ചായത്ത് തയാറാണെന്ന കത്ത് എംഡിക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസഫ്, സ്ഥിരം സമിതി അധ്യക്ഷ ജിനി ജീജോയ്, അംഗങ്ങളായ സുരേഷ് ജോസഫ്, സുജിതാ സദൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.