ആയക്കാട് - വേട്ടാന്പാറ റോഡിന്റെ ഇരുവശവും തകർന്നു
1430599
Friday, June 21, 2024 5:14 AM IST
കോതമംഗലം : കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ആയക്കാട് - വേട്ടാന്പാറ റോഡിന്റെ ഇരുവശവും തകർന്നു. പിണ്ടിമന ആലുംചുവടിന് സമീപം വലിയ അപകടാവസ്ഥയാണുണ്ടായിരിക്കുകയാണ്. ടാറിംഗിന് മുന്നോടിയായി റോഡിന് ഇരുവശത്തും വിരിച്ചിരുന്ന വലിയ മെറ്റൽ മഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയിരുന്നു. ഇവിടെ ഇപ്പോൾ വലിയ ഗർത്തങ്ങളാണ്.
വളവും കയറ്റിറക്കവും വീതികുറവും ഉള്ള ഭാഗമായതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്. ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയുണ്ട്.എതിരെവരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻപോലും കഴിയില്ല. ഇതിനകംതന്നെ ഏതാനും അപകടങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ട്. ചെറിയ അപകടങ്ങളായതിനാൽ അധികൃതർ ഗൗനിച്ചിട്ടില്ല.
റോഡ് ഈ അവസ്ഥയിലെത്തിയിട്ട് ആഴ്ചകൾ പലതുകഴിഞ്ഞു. അപകടമുന്നറിയിപ്പായി റിബണ്‍ കെട്ടിയതൊഴിച്ചാൽ മറ്റ് നടപടികളൊന്നുമുണ്ടായിട്ടില്ല. എത്രയും വേഗം അപകടാവസ്ഥ ഇല്ലാതാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.