പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിലെ മോഷണം: പ്രതിയുമായി തെളിവെടുത്തു
1430598
Friday, June 21, 2024 5:14 AM IST
പിറവം: പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ വഴിപാട് കൗണ്ടർ കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. പാഴൂർ പോഴിമല കോളനിയിൽ ചെറുവേലികുടി ജിതീഷി(ജിത്തു-20) നെയാണ് പിറവം പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ എട്ടിന് രാത്രി പത്തോടെയാണ് മോഷണം നടന്നത്.
ക്ഷേത്രത്തിലെ മതിലിനകത്ത് സ്ഥിരം വഴിപാട് കൗണ്ടറിനോട് ചേർന്നുള്ള ചെറിയ കൗണ്ടറിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലേക്ക് ആവശ്യമായ എണ്ണയും മറ്റ് പൂജാസാധനങ്ങളും നൽകുന്ന കൗണ്ടറാണിത്.
വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഏഴായിരത്തോളം രൂപ കവരുകയായിരുന്നു. ക്ഷേത്രത്തിലെ നിരീക്ഷണ കാമറയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിരുന്നു.
ഇതിനിടെ കൂത്താട്ടുകുളത്ത് ഒരു ബൈക്ക് മോഷണക്കേസിൽ പ്രതി അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ പാഴൂരിൽ മോഷണം നടത്തിയത് സമ്മതിച്ചിരുന്നു. ബൈക്ക് മോഷണക്കേസിൽ റിമാൻഡ് ചെയ്ത പ്രതിയെ പിറവം പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുകയായിരുന്നു.
അഞ്ചൽപ്പെട്ടി ഭാഗത്തുള്ള ഒരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഈ ഫോൺ കണ്ടെടുത്തിട്ടുണ്ട്. പത്തോളം കേസിലെ പ്രതിയാണ്.