കോണോത്തുപുഴ പുനരുജ്ജീവനം : ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് സാമ്പത്തികാനുമതിയായി
1430592
Friday, June 21, 2024 5:14 AM IST
തൃപ്പൂണിത്തുറ: കോണോത്തു പുഴയുടെ പുനരുജ്ജീവനത്തിനായുള്ള പദ്ധതിയിൽപ്പെട്ട കണിയാവള്ളി പാലം പുനര്‍നിര്‍മാണം സംബന്ധിച്ച് രണ്ട് അഡീഷണല്‍ ബോര്‍ഹോള്‍ ഡീറ്റെയില്‍സും ട്രോപ്പോഗ്രാഫിക് സര്വേയുമുള്പ്പെടുന്ന രണ്ടുലക്ഷം രൂപയുടെ ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റിന് സാമ്പത്തികാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിൻ കെ.ബാബു എംഎൽഎയെ അറിയിച്ചു.
പാലത്തിന്റെ സൂപ്പര്‍ സ്ട്രക്ചര്‍ ഡിസൈന്‍ ചെയ്യുന്ന പ്രവൃത്തി പുരോഗമിച്ചു വരുന്നതായും ഇന്‍വെസ്റ്റിഗേഷന്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് രൂപകല്‍പ്പന പൂര്‍ത്തീകരിച്ച് ഡിസൈന്‍ ലഭ്യമാകുമ്പോൾ സാങ്കേതികാനുമതി നല്കി പ്രവൃത്തി നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഒന്നാം ഘട്ടത്തിലുൾപ്പെട്ട ബണ്ട് രൂപീകരണം, ജിയോടെക്സ്റ്റൈല്‍ ജോലികള്‍, സ്നാനഘട്ടങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ജോലികള്‍ എന്നിവയുള്‍പ്പെടുന്ന പ്രവൃത്തികള്‍ക്ക് പുതുക്കിയ എസ്റ്റിമേറ്റ് ചീഫ് എൻജിനീയര്‍ സമര്‍പ്പിച്ചതായും മന്ത്രി പറഞ്ഞു. കെ.ബാബു എംഎൽഎ നൽകിയ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.