കുടിവെള്ളത്തിന്റെ ഗുണനിലവാരം അറിയാതെ ഫ്ലാറ്റുകൾ : ആറ് ഫ്ലാറ്റുകളിൽ മിന്നൽ പരിശോധന
1430588
Friday, June 21, 2024 4:59 AM IST
ആലുവ: കാക്കനാട് ഫ്ലാറ്റിലെ താമസക്കാർക്ക് വയറിളക്കവും ഛർദിയും റിപ്പോർട്ട് ചെയ്യപ്പെട്ടതിനെതുടർന്ന് കീഴ്മാട് പഞ്ചായത്ത് മേഖലയിലെ ആറ് ഫ്ലാറ്റുകളിൽ ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന നടത്തി. കുടിവെള്ളം സൂക്ഷിക്കുന്ന വലിയ വാട്ടർ ടാങ്കുകൾ വൃത്തിയായി സൂക്ഷിക്കുന്നില്ലെന്നും കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്നില്ലെന്നും കണ്ടെത്തി. ആറ് ഫ്ലാറ്റുകളിലെ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിമാർക്ക് നോട്ടീസ് നൽകി.
പല ഫ്ലാറ്റുകളിലും ജല പരിശോധനകൾ നടത്തിയിരുന്നില്ല. ഏതാനും പേർ സ്വകാര്യ ലാബുകളിലെ പരിശോധനാ ഫലം കാണിച്ചെങ്കിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. സർക്കാർ ലാബുകളിലെ ഫലത്തിന് മാത്രമേ സാധുതയുള്ളൂവെന്നതിനാൽ ജലത്തിന്റെ ഗുണനിലവാരം പരിശോധന നടത്തി റിപ്പോർട്ടുകൾ ലഭ്യമാക്കാൻ നിർദേശം നൽകി.
ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജിന്റെ നേതൃത്വത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.എസ്. രേഖ, കെ.ബി. സബ്ന എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പരിശോധന ഇന്നും തുടരും.
ചെല്ലാൻ അടച്ച് പരിശോധിക്കണം
ആലുവ: ജല പരിശോധന സർക്കാർ ലാബുകളിൽ ചെയ്യുന്നവർ മുൻകൂർ തുക ചെല്ലാൻ അടയ്ക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തുക അടച്ചു കഴിഞ്ഞതായി അറിയിച്ചാൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിൾ കുപ്പിയിൽ വെള്ളം നിറച്ച് സീൽ ചെയ്ത് തരുമെന്നും ഇത്തരത്തിൽ പരിശോധന നടത്തിയാൽ മാത്രമേ സാധുത ഉണ്ടാകുകയെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.