മഴക്കാലം കഴിയുന്നത് വരെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് കട്ടപ്പുറത്ത്
1430586
Friday, June 21, 2024 4:59 AM IST
വൈപ്പിൻ: കാലവർഷത്തെ തുടർന്ന് കുഴുപ്പിള്ളി ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് കട്ടപ്പുറത്ത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിന്റെ നിർദേശത്തെ തുടർന്നാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തനം നിർത്തി വച്ചിട്ടുള്ളത്. ഇതേത്തുടർന്ന് ബ്രിഡ്ജ് ഓരോ ഭാഗങ്ങളായി അഴിച്ചെടുത്ത് കരയിൽ സൂക്ഷിച്ചിരിക്കയാണ്.
കാലവർഷം തീരുന്ന മുറയ്ക്ക് വീണ്ടും പുനഃസ്ഥാപിക്കുമെന്നാണ് അറിവ് . ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിച്ച കോഴിക്കോട് ഉൾപ്പെടെയുള്ള ഒന്നു രണ്ടിടത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പൊട്ടി അപകടം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം കള്ളക്കടൽ പ്രതിഭാസം ഉണ്ടായ സമത്ത് കുറച്ച് ദിവസം ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം നിർത്തിവച്ചിരുന്നു. ഇപ്പോൾ മൺസൂൺ ആയതോടെയാണ് പൂർണമായും നിർത്തിയത്.
അതേസമയംഫ്ലോട്ടിംഗ് ബ്രിഡ്ജ് എടുത്തു മാറ്റിയെങ്കിലും ഇതുറപ്പിച്ചിരുന്ന ആംഗറുകൾ ഇപ്പോഴും കടലിൽ തന്നെ കിടക്കുന്നത് തീരത്ത് മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്ക് വിനയായി.
ഈ ആങ്കറുകളിൽ ഉടക്കി വലകൾ നശിക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. ഡസനോളം വലിയ ആങ്കറുകളാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജിനു വേണ്ടി തീരത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇവ എത്രയും വേഗം മാറ്റിത്തരണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.