ആരോഗ്യം മോശമായി ജില്ല : 19 ദിവസത്തിനിടെ 10,253 പനി ബാധിതര്‍
1430585
Friday, June 21, 2024 4:59 AM IST
കൊച്ചി: ജില്ലയില്‍ ആശങ്കാജനകമായ രീതിയില്‍ പനി പടരുന്നു. കഴിഞ്ഞ 19 ദിവസത്തിനിടെ വിവിധയിടങ്ങളിലായി പനിക്ക് ചികിത്സ തേടിയത് 10,253 പേര്. ഇതിനുപുറമേ ഭക്ഷ്യവിഷബാധയും കുടിവെള്ളത്തില്‍ മാലിന്യം കലര്ന്നതുമൂലമുള്ള അസുഖങ്ങള്‍ പിടിപ്പെട്ട് ചികിത്സക്കെത്തയവരും നിരവധിയാണ്.
മഴക്കാല രോഗങ്ങളാണ് പടര്‍ന്നു പിടിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുമ്പോഴും മുമ്പൊരിക്കലും ഇല്ലാത്ത വിധത്തിലാണ് ഡെങ്കിപ്പനിയും. എലിപ്പനിയും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ മാത്രം 700 പേര് പനിക്ക് ചികിത്സ തേടി. ഇതില്‍ 29 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ ഏറ്റവുമധികം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ജില്ലയിലാണ്.
ചികിത്സ തേടിയവരില്‍ 19 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. ഇതിനുപുറമേ ഒരു എലിപ്പനി രോഗബാധയും എലിപ്പനിമൂലമുള്ള ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറുപേര്‍ക്ക് ചിക്കന്‍പോക്സും, അഞ്ചു പേര്‍ക്ക് മഞ്ഞപ്പിത്തവും ഇന്നലെ സ്ഥിരീകരിച്ചവയില്‍ ഉള്‍പ്പെടുന്നു. ചുമ, ഛര്‍ദി, വയറിളക്കം, ശ്വാസംമുട്ടല്‍ എന്നിവയ്ക്കും ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
തൃക്കാക്കര, കളമശേരി നഗരസഭകള്‍ക്ക് പുറമേ ജില്ലയുടെ ഗ്രാമ പ്രദേശങ്ങളിലുമാണ് ഡെങ്കിപ്പനിയും, എലിപ്പനിയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പകര്‍ച്ചവ്യാധികള്‍ കുറവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആ രോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.