കൊച്ചിയിലെ കുടിവെള്ള വിതരണം വിവാദ പദ്ധതിക്ക് ഫ്രഞ്ച് കമ്പനി
1430582
Friday, June 21, 2024 4:59 AM IST
കരാര്‍ നല്‍കിയത് എസ്റ്റിമേറ്റ് തുകയേക്കാള്‍ 21 ശതമാനം വര്‍ധനയോടെ
കൊച്ചി: കൊച്ചിയിലെ കുടിവെള്ള വിതരണം ആധുനികവത്കരിക്കുന്നതിനായി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (എഡിബി) ധനസഹായത്തോടെ നടപ്പാക്കുന്ന ബ്രഹത് പദ്ധതിക്കുള്ള കരാര്‍ ഫ്രഞ്ച് കമ്പനിക്ക് . സോയൂസ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് എസ്റ്റിമേറ്റ് തുകയേക്കാള്‍ 21 ശതമാനം തുക അധികം നല്കി കരാര്‍ നല്‍കിയിരിക്കുന്നത്.
ഭരണപക്ഷ യൂണിയനുകളുടേതടക്കം ജല അഥോറിറ്റിയുടെ എല്ലാ തൊഴിലാളി സംഘടനകളുടെയും എതിര്‍പ്പ് മറികടന്നാണ് സ്റ്റേറ്റ് ലെവല്‍ എംപവേഡ് കമ്മിറ്റിയുടെ നടപടി.
പദ്ധതിത്തുകയുടെ 24 ശതമാനമാണ് അധിക തുകയായി സോയൂസ് ആവശ്യപ്പെട്ടത്. ഇത് അതേപടി അംഗീകരിച്ചില്ലെങ്കിലും 21 ശതമാനം അധിക തുക നല്കാന് ഉദ്യോഗസ്ഥ തലത്തിലുള്ള കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. എസ്റ്റിമേറ്റിനേക്കാള്‍ 10 ശതമാനം കുടുതല്‍ തുക വര്‍ധിച്ചാല്‍ അതിന് സര്‍ക്കാരിന്റെ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്.
നഗരത്തില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതിയാണിതെന്നാണ് ജല അഥോറിറ്റിയുടെ വിശദീകരണം. 798.13 കോടി മുടക്കി കുടിവെള്ള വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതാണ് പദ്ധതി. ഇതില്‍ 70 ശതമാനം എഡിബിയും 30 ശതമാനം സംസ്ഥാനവും വഹിക്കും. രണ്ട് ശതമാനം പലിശ നിരക്കിലാണ് എഡിബിയില്‍ നിന്ന് വായ്പ എടുക്കുന്നത്.
നഗരത്തിലെ നിലവിലുള്ള അഞ്ച് കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും കുടിവെള്ള വിതരണ ശൃംഖലകള്‍ മെച്ചപ്പെടുത്തുന്നതിനും തുക വിനിയോഗിക്കും.
കൂടാതെ മെച്ചപ്പെട്ട ബില്ലിംഗ് സംവിധാനത്തിനായി മൊബൈല്‍ ആപ്, ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിപ്പിക്കുന്ന മെയിന്റനന്‍സ് മാനേജ്മെന്റ് സിസ്റ്റം വികസിപ്പിക്കല്‍, ലബോറട്ടറി ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ നവീകരണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ഇതോടൊപ്പം വാട്ടര്‍ അഥോറിറ്റിയിലെ സാങ്കേതിക, ഭരണ നിര്‍വഹണച്ചുമതലയുള്ള ജീവനക്കാര്‍ക്ക് ജലവിതരണ സേവനങ്ങളിലെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കും. ജലവിതരണ സംവിധാനങ്ങളുടെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കാനും പദ്ധതി ഉദ്ദേശിക്കുന്നുണ്ട്.
ഗാര്‍ഹിക ജല വിതരണം, ജല ഓഡിറ്റുകള്‍, ഗുണനിലവാരം, ശുചിത്വം എന്നിവയെക്കുറിച്ചും സ്ത്രീകള്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കും. കൊച്ചി കോര്‍പറേഷനെ ഒമ്പത് സോണുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 10 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി.