പി.എൻ. പണിക്കരുടെ ചിത്രം വരച്ച് ലൈബ്രേറിയൻ
1430385
Thursday, June 20, 2024 5:00 AM IST
മൂവാറ്റുപുഴ: വായനദിനത്തിൽ ലൈബ്രറിയിലേക്ക് പി.എൻ. പണിക്കരുടെ ചിത്രം വരച്ച് നൽകി ലൈബ്രേറിയൻ സാലി പീറ്റർ. ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബിലെ ലൈബ്രേറിയൻ ഈസ്റ്റ് വാഴപ്പിള്ളി തച്ചനോടിയിൽ സാലി പീറ്ററാണ് ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനും പ്രചാരകനുമായ പി.എൻ. പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് നടക്കുന്ന വായനാദിനത്തിൽ പി.എൻ. പണിക്കരുടെ ചിത്രം വരച്ച് ലൈബ്രറിയിലേക്ക് നൽകിയത്.
കോവിഡ് കാലത്താണ് സാലി ചിത്രങ്ങൾ വരയ്ക്കുന്നതിൽ സജീവമായത്. എഴുത്തച്ഛൻ, കുഞ്ചൻ നന്പ്യാർ, ചെറുശേരി അടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങളും മണ്‍സൂണ്‍ ചിത്രങ്ങളും സാലിയുടെ കലാവിരുതിൽ വിരിഞ്ഞിട്ടുണ്ട്. ബോട്ടിൽ ആർട്ടിലും നിരവധി ചിത്രങ്ങൾ വരച്ച സാലി രണ്ട് ബൈബിൾ നാടകങ്ങളുടെയും രചയിതാവാണ്.
ലൈബ്രറിയിൽ നടന്ന ചടങ്ങിൽ സാലി വരച്ച പി.എൻ. പണിക്കരുടെ ചിത്രം ലൈബ്രറി പ്രസിഡന്റ് കെ.കെ. സുമേഷിന് കൈമറി. ലൈബ്രറി ഭാരവാഹികളായ പി.എ. മൈതീൻ, രാജു കരിമറ്റം എന്നിവർ പങ്കെടുത്തു.