ഡെങ്കിപ്പനി; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി മൂവാറ്റുപുഴ നഗരസഭ
1430381
Thursday, June 20, 2024 5:00 AM IST
മൂവാറ്റുപുഴ : നഗരസഭയുടെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പനി ബാധിത പ്രദേശങ്ങളിൽ നഗരസഭാധ്യക്ഷൻ പി.പി. എൽദോസിന്റെ നേതൃത്വത്തിൽ അംഗങ്ങളും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് പ്രതിരോധ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
രോഗ തീവ്രതയെയും പ്രതിരോധ മാർഗങ്ങളെയും ചികിത്സ രീതികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വീടുകൾ തോറും ലഘുലേഖകൾ വിതരണം ചെയ്തു. കൊതുകുകളുടെ ഉറവിട കേന്ദ്രങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി നാല്, അഞ്ച്, ഒന്പത്, 24 വാർഡുകളിൽ ഡ്രൈഡേ ആചരിച്ചു. വെളളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുന്നതിനുളള പ്രവർത്തനമാണ് മുഖ്യമായും സംഘടിപ്പിച്ചത്.
കൊതുക് നശീകരണത്തിനായി സ്പ്രേയിംഗ് ഫോഗിംഗ് നടത്തി. കൂടുതൽ ഫോഗിംഗ് മെഷീൻ എത്തിച്ച് പനി ബാധിത മേഖലകളിൽ ഫോഗിംഗ് വ്യാപകമാക്കും. മുഴുവൻ വാർഡുകളിലും ശുചീകരണ ജോലി തുടർന്നുവരുന്നു.
പനി പടരാതിരിക്കാൻ വ്യക്തി ശുചിത്വവും പൊതു ശുചിത്വവും ഉറപ്പ് വരുത്തണമെന്ന് അധികൃതർ അറിയിച്ചു. കൊതുക് മുട്ടയിട്ട് വളരുന്നത് ഒഴിവാക്കാൻ ചെറുതും വലുതുമായ വെളളക്കെട്ടുകൾ ഒഴിവാക്കാൻ ശ്രദ്ധ ചെലുത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.