കാപ്പ കേസ് പ്രതിയും പെൺസുഹൃത്തും നടുറോഡിൽ തമ്മിൽത്തല്ലി
1430375
Thursday, June 20, 2024 4:51 AM IST
മരട്: കാപ്പ കേസ് പ്രതിയും പെൺസുഹൃത്തും നടുറോഡിൽ തമ്മിൽത്തല്ലി. അരൂർ സ്വദേശി ജെറാൾഡും പെൺസുഹൃത്തുമായാണ് കുമ്പളം സൗത്ത് റെയിൽവേ മേൽപാലത്തിനു സമീപം ബുധനാഴ്ച്ച രാത്രി ഏഴോടെയാണ് തമ്മിൽ തല്ലിയത്.
സംഭവം നാട്ടുകാർ ചോദ്യം ചെയ്തതോടെ നാട്ടുകാരുമായി വാക്കേറ്റവും കൈയാങ്കളിയുമായി. ബഹളത്തിനിടെ ജെറാൾഡിന്റെ ചവിട്ടേറ്റ പെൺകുട്ടി കുഴഞ്ഞു വീണു. സംഭവം കണ്ട് ഓടിയെത്തിയ സ്ത്രീകൾ പെൺകുട്ടിക്ക് പ്രഥമ ശുശ്രൂഷ നൽകി.
കാപ്പ ചുമത്തി ആലപ്പുഴ ജില്ലയിൽനിന്നു പുറത്താക്കിയ ജെറാൾഡ് കുമ്പളത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. രണ്ട് ദിവസമായി പെൺസുഹൃത്ത് എത്തി വഴക്കിടുന്നതായി നാട്ടുകാർ പറഞ്ഞു. കാമുകിയെന്നാണ് നാട്ടുകാരോടു പറഞ്ഞത്. ഇന്നലെയും വഴക്കും തല്ലുപിടുത്തവും റോഡിൽ തുടർന്നതോടെയാണ് നാട്ടുകാർ ഇടപെട്ടത്.
തുടർന്ന് നാട്ടുകാർക്കെതിരെ കടയിൽനിന്ന് സാധനങ്ങളെടുത്ത് എറിഞ്ഞ് ഇവർ പരിഭ്രാന്തി സൃഷ്ടിച്ചു. ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയ ആളെ ജെറാൾഡ് ചവിട്ടിയപ്പോൾ ഇടയിൽപ്പെട്ടാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. പനങ്ങാട് പോലീസെത്തി ജെറാൾഡിനെയും പെൺസുഹൃത്തിനെയും സ്റ്റേഷനിലേക്ക് മാറ്റി.