വായനാദിനം ആചരിച്ചു: നല്ല മനുഷ്യാനാകാന് വായന അനിവാര്യം: ഡോ. കെ.ജി. പൗലോസ്
1430373
Thursday, June 20, 2024 4:51 AM IST
കൊച്ചി: നല്ല മനുഷ്യാനാകാന് വായന അനിവാര്യമാണെന്ന് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവുമായ ഡോ. കെ.ജി. പൗലോസ്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍, സാക്ഷരതാ മിഷന്, പി.എ. പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന വായനാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെങ്ങമനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തുല്യതാ പരീക്ഷയില്‍ വിജയം നേടി തൃക്കാക്കര ഭാരതമാതാ കോളജില്‍ മലയാളം ബിരുദത്തിന് പ്രവേശനം നേടിയ ചിറ്റേത്തുകര സ്വദേശിനിയും വീട്ടമ്മയുമായ എം.എ. സീനത്തിനെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ സോമന് അധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ചെങ്ങമനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. അസീസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്. സുരേന്ദ്രന്, സാക്ഷരതാ മിഷന് ജില്ലാ കോ ഓഡിനേറ്റര്‍ വി.വി. ശ്യാംലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ വായനാ ദിനാചരണം പ്രിന്‍സിപ്പിള്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പുല്ലേപ്പടി ദാറുള്‍ ഉലും ഹൈസ്ക്കൂളില്‍ നടന്ന ചടങ്ങില്‍ ശിശുക്ഷേമസമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. അരുണ്‍കുമാര്‍ അധ്യക്ഷനായിരുന്നു. സ്കൂള്‍ മാനേജര്‍ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ശിശുക്ഷേമസമിതി സെക്രട്ടറി സുനില്‍ ഹരീന്ദ്രന്‍, ടി.വി. അനിത, പ്രിന്‍സിപ്പല്‍ സിജിമോള്‍ ജേക്കബ്, പ്രധാനാധ്യാപിക സാജിത ബീവി, നിഷാദ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
സെന്റ് അഗസ്റ്റിന്‍സ് വിദ്യാലയത്തില്‍ വായനദിനാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി. പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ധന്‍ രാജേഷ് ചേര്‍ത്തല ചടങ്ങില്‍ പങ്കെടുത്തു. എസ്എസ്എല്‍സി പരീക്ഷക്ക് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. കൗണ്‍സിലര്‍ എം.ജി. അരിസ്റ്റോട്ടില്‍, പ്രധാനാധ്യാപിക സിസ്റ്റര്‍ ആന്‍സമ്മ തോമസ്, സി.ജി. രാജഗോപാല്‍, കെ.എം. ജിനോയ്, സിസ്റ്റര്‍ റോസ്മി എന്നിവര്‍ പ്രസംഗിച്ചു.