മദ്യപിച്ച് ജോലിക്ക് വന്നത് റിപ്പോര്‍ട്ട് ചെയ്ത മാനേജരെ കൊലപ്പെടുത്താന്‍ ശ്രമം; സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റില്‍
1430371
Thursday, June 20, 2024 4:51 AM IST
കൊച്ചി: ജോലി സമയത്ത് സ്ഥിരമായി മദ്യപിച്ച് വരുന്നത് കമ്പനിയില്‍ റിപ്പോര്‍ട്ട് ചെയ്തതിലുള്ള വിരോധത്തെ തുടര്‍ന്ന് സെക്യൂരിറ്റി കമ്പനിയിലെ ഓപ്പറേഷന് മാനേജരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റില്‍. ഇതേ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ പത്തനംതിട്ട സ്വദേശി ബിജു ബേബി (54)യെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രതി ജോലി സമയത്ത് സ്ഥിരമായി മദ്യപിച്ച് വരാറുള്ളത് മാനേജര്‍ കമ്പനിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. എന്നാല്‍ പ്രതി കമ്പനിയില്‍ വന്ന് ബുദ്ധിമുട്ടുകളും മറ്റും പറഞ്ഞ് വീണ്ടും ജോലിക്ക് കയറി.
തുടര്‍ന്നും ഇയാള്‍ മദ്യപിച്ച് ജോലിക്ക് എത്തി. ഇത് റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറഞ്ഞതിലുള്ള വിരോധം മൂലം തിങ്കളാഴ്ച രാത്രിയോടെ മാനേജര്‍ താമസിക്കുന്ന ആലപ്പാട് ക്രോസ് റോഡിലെ രോഹിണി കൃഷ്ണ അപ്പാര്‍ട്ട്മെന്റിലെ മുറിയുടെ വാതില്‍ ചവിട്ടി പൊളിച്ച് കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് മാനേജരുടെ കഴുത്തിലും വയറ്റിലും നെഞ്ചിലും കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോലീസ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ മാനേജരെ ഹോസ്പിറ്റലില്‍ എത്തിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.