സിപിഎമ്മിലെ ചേരിപ്പോര്: പഞ്ചായത്ത് ഭരണസമിതി യോഗം ചേരാനായില്ല
1430362
Thursday, June 20, 2024 4:38 AM IST
പറവൂർ: സിപിഎം അംഗങ്ങൾ തമ്മിലുള്ള വിഭാഗീയത മൂലം പുത്തൻവേലിക്കര പഞ്ചായത്ത് ഭരണസമിതി യോഗം നടത്താൻ കഴിയാതെ അലസിപ്പിരിഞ്ഞു. പഞ്ചായത്തിൽ ബുധനാഴ്ച നടക്കാനിരുന്ന ഭരണസമിതി യോഗമാണ് നടത്താൻ കഴിയാതെ പിരിഞ്ഞത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസിനെ അറിയിക്കാതേ ഭരണസമിതി യോഗം നടത്താനുള്ള ഒരു വിഭാഗം സിപിഎം അംഗങ്ങളുടെ പിടിവാശിയാണ് യോഗം നടക്കാൻ പറ്റാത്ത സാഹചര്യമുണ്ടാക്കിയത്.
പഞ്ചായത്തിൽ കുറച്ചു നാളുകളായി സിപിഎമ്മിൽ ഉണ്ടായിട്ടുള്ള ചേരിതിരിവ് അവസാനിപ്പിക്കാൻ പാർട്ടി പലവട്ടം അംഗങ്ങളുമായി ചർച്ചനടത്തിയെങ്കിലും പ്രശനം പരിഹരിക്കാനായില്ല. ഭരണസമിതിയിലുള്ള പ്രശ്നങ്ങൾ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഭരണസമിതി പൂർത്തീകരിച്ചതും തുടങ്ങിവച്ചതുമായ വികസന പ്രവർത്തനങ്ങൾ തുടരാൻ പോലും ഈ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിൽ പറഞ്ഞു.