നേരത്തെ പുറത്ത് പറയാതിരുന്നത് വ്യാപ്തി വര്‍ധിപ്പിച്ചു: ഉമാ തോമസ്
1430189
Wednesday, June 19, 2024 6:50 AM IST
കൊച്ചി: നേരത്തെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടിട്ടും ഈ വിവരം പുറത്ത് പറയാന്‍ വിമുഖത കാട്ടിയതാണ് കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിക്കാന്‍ ഇടയായതെന്ന് ഉമാ തോമസ് എംഎല്‍എ പറഞ്ഞു. ഡിഎല്‍എഫ് ഫ്ളാറ്റില്‍ സന്ദര്‍ശനം നടത്തി താമസക്കാരുമായി സംസാരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഈ മാസം ആദ്യം മുതലാണ് വ്യാപകമായി ഛര്‍ദിയും വയറിളക്കവും താമസക്കാരില്‍ കണ്ടു തുടങ്ങിയത്. അതിന് മുന്‍പും പലര്‍ക്കും ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതായി പറയുന്നു. കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ റിപ്പോര്‍ട്ട് ലഭിച്ചിട്ടും ആ വിവരവും പുറത്ത് പറഞ്ഞില്ല. മുനിസിപ്പൽ അധികൃതര്‍ തിങ്കളാഴ്ച മാത്രമാണ് അറിഞ്ഞതെന്നും ഉമാ തോമസ് പറഞ്ഞു.
കുടിവെള്ളം ജല അഥോറിറ്റി വിതരണം ചെയ്യണം: കൗണ്‍സിലര്‍
കൊച്ചി: സ്വന്തം നിലയിലുള്ള കുടിവെള്ള സ്രോതസുകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന പശ്ചാത്തലത്തില്‍ ഫ്ളാറ്റുകളില്‍ വാട്ടര്‍ അഥോറിറ്റി നേരിട്ട് വെള്ളം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് കാക്കനാട് ഡിവിഷന് കൗണ്‍സിലര്‍ സി.സി. ബിജു പറഞ്ഞു.
കിണറുകളും ടാങ്കര്‍ ലോറികളിലൂടെയുള്ള കുടിവെള്ളത്തിലുമൊക്കെ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായേക്കാം. ശുചീകരിക്കാതെ ഈ വെള്ളം വിതരണം ചെയ്യുമ്പോഴാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. വാട്ടര്‍ അഥോറിറ്റിയുടെ ശുദ്ധീകരിച്ച വെള്ളം വിതരണത്തിന് നല്കുമ്പോള് ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു.