വാട്ടർ ഹീറ്ററിൽ മയക്കുമരുന്ന് കടത്താൻ ശ്രമം; യുവതി പിടിയിൽ
1430187
Wednesday, June 19, 2024 6:50 AM IST
ആലുവ: അമ്പതുലക്ഷത്തിലേറെ രൂപ വിലവരുന്ന ഒരു കിലോ എംഡിഎംഎ വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച് കടത്തിയ യുവതി ആലുവ റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ബംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തറി(26) നെയാണ് റൂറൽ ജില്ലാ ഡാൻസ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്.
ഡൽഹിയിൽ നിന്നും കടത്തുന്ന മയക്കുമരുന്ന് കൊച്ചിയിലേക്ക് കൈമാറാനാണ് യുവതി എത്തിയത്. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കടത്തിക്കൊണ്ടുവന്നത്.
ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നർകോട്ടിക്ക് സെൽ ഡി വൈഎസ്പി വി. അനിൽ, ആലുവ ഡിവൈഎസ്പി എ. പ്രസാദ്, ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്ഐമാരായ എസ്.എസ്. ശ്രീലാൽ, കെ. നന്ദകുമാർ, എഎസ്ഐ വിനിൽകുമാർ, സീനിയർ സിപിഒമാരായ അജിത തിലകൻ, പി.എൻ. നൈജു, ദീപ്തി ചന്ദ്രൻ, മാഹിൻഷാ, കെ.എം. മനോജ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.