റീഫണ്ട് നിഷേധിച്ചു; ഹോട്ടൽ ഉടമ ഉപഭോക്താവിന് 62,000 രൂപ നൽകണം
1430186
Wednesday, June 19, 2024 6:50 AM IST
കൊച്ചി: കോവിഡ് കാലത്തെ റീഫണ്ട് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് ലംഘിച്ച ഹോട്ടലുടമ ഉപഭോക്താവിനു നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കോടതി. ആൻഡമാൻ ദ്വീപിലെ സീഷെൽ ഹോട്ടൽ റിസോർട്ട് ആൻഡ് സ്പാ ഉടമ പരാതിക്കാരനായ കാലടി സ്വദേശി സന്ദീപ് രവീന്ദ്രനാഥിന് 62,000 രൂപ നൽകണമെന്നാണ് ഉത്തരവ്.
അവധിക്കാല വിനോദയാത്രയ്ക്ക് വേണ്ടിയാണ് പരാതിക്കാരനും കുടുംബവും മേക്ക് മൈ ട്രിപ്പിലൂടെ സീഷെലിന്റെ രണ്ട് ഹോട്ടലുകളിൽ റൂം ബുക്ക് ചെയ്തത്. 27,810 രൂപ അതിനായി നൽകുകയും ചെയ്തു. കോവിഡ് വ്യാപന കാലത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചതോടെ വിനോദയാത്ര മുടങ്ങി. തുടർന്നു പരാതിക്കാരൻ റീഫണ്ട് ആവശ്യപ്പെട്ട് എതിർകക്ഷിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല.
വിനോദ യാത്രയുമായി ബന്ധപ്പെട്ട വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള തുക പരാതിക്കാരന് തിരിച്ചു കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് എറണാകുളത്തെ ഉപഭോക്തൃ തർക്കപരിഹാര കോടതിയെ സമീപിച്ചത്.
ഹോട്ടലിൽ റൂം ബുക്ക് ചെയ്ത തുകയായ 27,810 രൂപയും നഷ്ടപരിഹാരം, കോടതി ചെലവ് എന്നീ ഇനങ്ങളിൽ 35,000 രൂപയും ഉപഭോക്താവിന് നൽകണമെന്ന് കോടതി എതിർകക്ഷിക്ക് ഉത്തരവ് നൽകി.
ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയുടേതാണ് ഉത്തരവ്.