നോട്ടീസ് നൽകിയിട്ടും വൃത്തിഹീനം: ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിച്ചു
1430182
Wednesday, June 19, 2024 6:50 AM IST
ആലുവ: കീഴ്മാട് പഞ്ചായത്തിലെ 24 ഭക്ഷണ വിൽപ്പന സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം നടത്തിയ ശുചിത്വ പരിശോധനയിൽ ഒരു ഹോട്ടൽ താൽക്കാലികമായി പൂട്ടി. നാലു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പഞ്ചായത്ത് ലൈസൻസോ ഹെൽത്ത് കാർഡ് ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തനം തുടർന്ന അമ്പാട്ടു ജംഗ്ഷനിലെ ഹോട്ടൽ അമ്പാട്ടാണ് തത്കാലികമായി അടച്ചു പൂട്ടിയത്.
ആരോഗ്യവകുപ്പ് നേരത്തെ നൽകിയ നോട്ടീസ് അവഗണിച്ച് ശുചിത്വമില്ലാതെ പ്രവർത്തിച്ചതോടെയാണ് ഹോട്ടലിന് പൂട്ട് വീണത്. അശോകപുരം അണ്ടികമ്പനിക്ക് സമീപമുള്ള മത്സ്യ വിൽപ്പന കേന്ദ്രം, കീഴ്മാട് ജംഗ്ഷനിലെ ഹോട്ടൽ, ചപ്പാത്തിക്കട എന്നീ സ്ഥാപനങ്ങൾക്കും ശുചിത്വ പോരായ്മയിൽ നോട്ടീസ് നൽകി. പുകവലി മുന്നറിയിപ്പ് ബോർഡ് വയ്ക്കാത്ത വ്യാപാര സ്ഥാപങ്ങൾക്കും നോട്ടീസ് നൽകി.
കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജിന്റെ നേതൃത്വത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എം. സക്കീർ, എസ്.എസ്. രേഖ, കെ.ബി. സബ്ന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.