ഇരുചക്ര വാഹന മോഷ്ടാക്കൾ പോലീസ് പിടിയിൽ
1430172
Wednesday, June 19, 2024 6:34 AM IST
കിഴക്കമ്പലം: ഇരുചക്ര വാഹന മോഷ്ടാക്കൾ പോലീസ് പിടിയിൽ. തൃശൂർ ഓട്ടുപാറ എടക്കാട് മേപ്പുരക്കൽ വീട്ടിൽ അഭിജിത്ത് (19), പത്തനംതിട്ട കലഞ്ഞൂർ സന്ധ്യാ ഭവനിൽ വിഷ്ണു (22), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. കിറ്റക്സ് ഗാർമെന്റ്സ് പ്രോസസിംഗ് യൂണിറ്റിന്റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത രണ്ട് ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞ 17ന് പുലർച്ചെയാണ് മോഷണം നടത്തിയത്.
പ്രതികളെ രണ്ട് കിലോമീറ്ററോളം എറണാകുളം റോഡിലൂടെ അതിസാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. അഭിജിത്തിന് ഒറ്റപ്പാലം, എറണാകുളം സെൻട്രൽ സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ ഉണ്ട്.
പെരുമ്പാവൂർ എഎസ്പി മോഹിത് റാവത്തിന്റെ നേതൃത്വത്തിൽ കുന്നത്തുനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്ഐ എൻ.കെ. ജേക്കബ്, എം.ജി. സജീവ്, പി.എസ്. കുര്യാക്കോസ്, വർഗീസ് ടി. വേണാട്ട്, ഒ.എസ്. ബിബിൻ രാജ്, മിഥുൻ മോഹൻ, ജോഷി മാത്യു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.