പുത്തൻ സാങ്കേതിക വിദ്യയിലൂന്നി അടിമുടി മാറാന്‍ ബാസ്കറ്റ് ബോള്‍
1429918
Monday, June 17, 2024 4:49 AM IST
കൊച്ചി: പുത്തന്‍ സാങ്കേതിക വിദ്യയിലൂന്നി അടിമുടി മാറ്റത്തിന് കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന്(കെബിഎ). സംസ്ഥാനത്ത് ബാസ്കറ്റ്ബോളിന് വ്യാപകമായ പ്രചാരണവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട് സ്കൂള്‍ തലം മുതല്‍ പരിശീലന പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷനും സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള 12 വര്‍ഷത്തെ സഹകരണത്തിന് ധാരണയായി.
മീരാന്‍ സ്പോര്‍ട്സുമായി സഹകരിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുക. വെല്ലിംഗ്ടണ്‍ ഐലൻഡിലെ ഹോട്ടല്‍ കാസിനോയില്‍ നടന്ന ചടങ്ങില്‍ സിന്തേറ്റ് ഗ്രൂപ്പ് ചെയര്മാന് വിജു ജേക്കബ് ലോഗോ പ്രകാശനം ചെയ്തു.
സ്കൂള്‍ തലത്തില്‍ (ഒന്‍പതു മുതല്‍ 13 വയസുവരെയുള്ളവര്‍) പ്രതിഭകളെ വളര്‍ത്താനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള എസ് 5 ഗ്രാസ്റൂട്ട്സിന്റെ സമാരംഭവും ചടങ്ങില്‍ നടന്നു. കേരളത്തിലെ ബാസ്കറ്റ് ബാള്‍ താരങ്ങളുടെ കൂട്ടായ്മയാണ് സംരംഭത്തിന് പിന്നില്‍.
കൂടുതല്‍ താരങ്ങളെ രാജ്യത്തിനായി കളിക്കാന്‍ പ്രാപ്തരാക്കുമ്പോഴേ കെബിഎയയുടെ പ്രവര്‍ത്തനം പൂര്‍ണമാകൂവെന്ന് കെബിഎ ലൈഫ് ടൈം പ്രസിഡന്റ് പി.ജെ. സണ്ണി പറഞ്ഞു. കെബിഎയുയെടും സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്സ് മാനേജ്മെന്റിന്റെയും പദ്ധതി മികച്ച മാതൃകയാണെന്ന് ബാസ്കറ്റ്ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആധവ് അര്ജുന് പറഞ്ഞു.
കെബിഎയുമായുള്ള സഹകരണം വഴി ആദ്യ മൂന്ന് വര്‍ഷം കൊണ്ടുതന്നേ കളിക്കാരുടെ ടാലന്റ് പൂളില്‍ 300 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്ന് സ്റ്റാര്‍ട്ടിംഗ് ഫൈവ് പ്രമോട്ടര്‍മാരില്‍ ഒരാളായ ജോസഫ് സി ജോസഫ് പറഞ്ഞു
ബാസ്കറ്റ് ബോളിനോട് അടുപ്പിക്കാന്‍ മൂന്ന് പദ്ധതികള്‍
കുട്ടികളെ ബാസ്കറ്റ്ബോളിനോട് അടുപ്പിക്കുകയെന്ന പ്രഥമ ലക്ഷ്യത്തിനായി മൂന്ന് പദ്ധതികളാണ് കെബിഎയും സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്സും ആവിഷ്കരിച്ചിട്ടുള്ളത്. എസ് 5, എസ് 5 ചലഞ്ച്, എസ് 5 ത്രി ഓണ്‍ ത്രി. അടിത്തറമുതല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും പരിശീലനം.
സംവിധായകനും മുന്‍ ബാസ്കറ്റ് ബാള്‍ താരവുമായ സിബി മലയില്‍ വെബ്സൈറ്റും മുന്‍ രാജ്യാന്തര താരം എ.എം. ഇക്ബാല്‍ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമും അവതരിപ്പിച്ചു. ചടങ്ങില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ് ഡയറക്ടര്‍ തോമസ് ജോര്‍ജ്, മീരാന്‍ ഗ്രൂപ്പ് ചെയര്മാന് നവാസ് മീരാന്‍, മനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍, കെബിഎ പ്രസിഡന്റ് മനോഹര്‍ കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.