കാവുംപാറ-പിട്ടാപ്പിള്ളിക്കവല റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്
1429914
Monday, June 17, 2024 4:49 AM IST
പോത്താനിക്കാട്: പൈങ്ങോട്ടൂർ കാവുംപാറ-പിട്ടാപ്പിള്ളിക്കവല റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. കക്കടാശേരി - കാളിയാർ റോഡിനു സമാന്തരമായി ഒന്നര കിലോമീറ്റർ നീളമുള്ള ഗ്രാമീണ റോഡാണിത്.
പൈങ്ങോട്ടൂർ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള റോഡിന്റെ കാവുംപാറ ചെക്ക്ഡാം മുതൽ ആർപിഎസ് കവല വരെയുള്ള ഭാഗമാണ് കുണ്ടുംകുഴിയുമായി തകർന്നു കിടക്കുന്നത്. ആർപിഎസ് കവല മുതൽ പിട്ടാപ്പിള്ളിക്കവല വരെയുള്ള 750 മീറ്റർ ഭാഗം സമീപകാലത്ത് റീടാർ ചെയ്തിരുന്നു. ബാക്കിയുള്ള 750 മീറ്റർ ഭാഗത്ത് കഴിഞ്ഞ അഞ്ചുവർഷമായി അറ്റകുറ്റപ്പണികൾ പോലും ചെയ്യാത്തതിനാൽ ഇതിലൂടെ കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്.
ദിവസേന ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് എത്രയും വേഗം നന്നാക്കാത്തപക്ഷം പ്രത്യക്ഷം സമരപരിപാടികൾ ആരംഭിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.