ആവോലിയിൽ പാതയോര ശുചീകരണം തുടങ്ങി
1429913
Monday, June 17, 2024 4:35 AM IST
വാഴക്കുളം: തൊടുപുഴ-മൂവാറ്റുപുഴ സംസ്ഥാനപാതയോരത്ത് വളർന്നുനിന്നിരുന്ന പാഴ്ച്ചെടികളും പുല്ലും നീക്കം ചെയ്തുതുടങ്ങി. ആവോലി പഞ്ചായത്ത് പ്രദേശത്തെ പാതയോരമാണ് വൃത്തിയാക്കുന്നത്.
പല ഭാഗങ്ങളിലും കാടുകയറി റോഡിലെ വാഹന ഡ്രൈവർമാർക്ക് കാഴ്ച മറയുന്ന നിലയിലായിരുന്നു. റോഡരികിലെ നടപ്പാതയിൽ പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു. യൂത്ത് കോണ്ഗ്രസ് ആവോലി മണ്ഡലം പ്രസിഡന്റ് സജോ സണ്ണിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
ഇന്നലെ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിനു സമീപത്തുനിന്ന് പാതയോരത്തെ മണ്ണും പാഴ് പുല്ലും നീക്കം ചെയ്തുകൊണ്ടാണ് പാതയോര ശുചീകരണം ആരംഭിച്ചത്. മൂവാറ്റുപുഴ നിർമല കോളജിനു സമീപത്തെ പഞ്ചായത്ത് അതിർത്തിവരെയുള്ള ഭാഗത്തെ ശുചീകരണമാണ് നടത്തുന്നത്.