വഴിയിൽനിന്നു കിട്ടിയ മൂന്നുപവന്റെ സ്വർണവള ഉടമയ്ക്ക് നൽകി
1429910
Monday, June 17, 2024 4:35 AM IST
പറവൂർ: വഴിയിൽനിന്നു കിട്ടിയ മൂന്നുപവന്റെ സ്വർണവള ഉടമയ്ക്ക് നൽകി. ചെറിയപ്പിള്ളി തുരുത്തിൽ താമസിക്കുന്ന തുണ്ടിപ്പറമ്പിൽ സെൻസലാവുസ് ലോപസിനാണ് റോഡിൽ കിടന്ന് വള ലഭിച്ചത്. വടുതലയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സെൻസലാവുസ് ശനിയാഴ്ച വൈകിട്ട് ചെറിയപ്പിള്ളിയിൽ ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് റോഡിൽ വാഹനങ്ങൾ കയറിയ നിലയിൽ വള കണ്ടത്.
മുക്കു പണ്ടമാണൊ എന്ന് സംശയം തോന്നിയെങ്കിലും കൈയിൽ കരുതി. വീട്ടിലെത്തിയപ്പോഴാണ് മൂന്ന് പവന്റെ വള നഷ്ടപെട്ട വിവരം വാർഡ് മെമ്പർ ലിൻസി വിൻസെന്റ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ഇട്ട വിവരം വീട്ടുകാർ പറഞ്ഞറിയുന്നത്. ഉടനെ മെമ്പറുമായി ബന്ധപ്പെട്ട് വളയുടെ ഫോട്ടോയും അയച്ചു കൊടുത്തു.
വള നഷ്ടപ്പെട്ട ഉഷയെ വിളിച്ച് ലിൻസി വള ഉഷയുടെതെന്ന് ഉറപ്പ് വരുത്തി. ചെറിയപ്പിള്ളിയിൽ ഗംഗ ഹോട്ടൽ നടത്തുന്ന ഉഷ കെഎസ്എഫ്ഇ ചെറിയപ്പിള്ളി ബ്രാഞ്ചിൽ പണമടയ്ക്കാൻ പോയപ്പോഴാണ് വള നഷ്ടപ്പെട്ടത്. മെമ്പർ ലിൻസിയിൽനിന്ന് വിവരം ലഭിച്ചതനുസരിച്ച് സെൻസലാവുസും കുടുംബവും ഉഷയ്ക്ക് വള കൈമാറി.