കാനയിൽനിന്ന് കോരിയ മാലിന്യങ്ങൾ റോഡരികിൽ
1429909
Monday, June 17, 2024 4:35 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്ത് പ്രദേശങ്ങളിലെ കാനയിൽനിന്നു കോരിയ മാലിന്യങ്ങൾ റോഡരികിൽ. കാൽനട വാഹനയാത്രികർ ദുരിതത്തിൽ. കരുമാലൂർ മരോട്ടിച്ചുവട്- തൈത്തറക്കടവ് റോഡിന്റെ പലയിടത്തും മാലിന്യം ആഴ്ചകളായി കുന്നുകൂട്ടി വച്ചിരിക്കുകയാണ്. കാനയിൽ നിറയെ മണ്ണും മറ്റു വസ്തുക്കളും നിറഞ്ഞു കിടക്കുകയായിരുന്നു. ഏറെ നാളുകൾക്കു ശേഷമാണു പല കാനകളും വൃത്തിയാക്കുന്നത്.
എന്നാൽ മാലിന്യം കോരി റോഡിലിടുന്നതല്ലാതെ നീക്കം ചെയ്യുന്നില്ല. ഇതുമൂലം മഴ പെയ്യുമ്പോൾ മാലിന്യം വീണ്ടും ഒലിച്ചു കാനയിലേക്കിറങ്ങാനുള്ള സാധ്യത കൂടുതലാണ്. ഈ ഭാഗത്ത് നടപ്പാത ഇല്ലാത്തതിനാൽ കാനകളുടെ അരികു ചേർന്നാണ് ആളുകൾ സഞ്ചരിച്ചിരുന്നത്. മാലിന്യം മൂലം ഇപ്പോൾ റോഡിന്റെ അരികു ചേർന്നു സഞ്ചരിക്കാനും കഴിയാത്ത അവസ്ഥയാണ്.
ഇരുചക്ര വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുന്നുണ്ട്. മാലിന്യം റോഡരികിൽ നിന്നും നീക്കം ചെയ്യാത്തതുമൂലം പകർച്ചവ്യാധികൾ പടരാൻ സാധ്യതയുണ്ട്. കൂടാതെ സമീപത്തെ വീടുകൾക്കും മാലിന്യം ദുരിതമാകുന്നുണ്ട്. എത്രയും വേഗം മാലിന്യം നീക്കം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.