‘മത്സരയോട്ടം പ്രോത്സാഹിപ്പിച്ച് ’ ആലുവ-കൊച്ചി സിറ്റി ബസ്
1429908
Monday, June 17, 2024 4:35 AM IST
ആലുവ: ആലുവയിൽ മോട്ടോർ വകുപ്പ് നിയമങ്ങളെ വെല്ലുവിളിച്ച് സ്വകാര്യ ബസുകളിൽ മുദ്രാവാക്യങ്ങൾ എഴുതുന്നു. ബസിന്റെ മുകളിലായാണ് ‘മത്സരയോട്ടം കുറ്റമല്ല' എന്നെഴുതിയ എറണാകുളം സിറ്റി ബസ് ഓടുന്നത്.
ആലുവയിൽനിന്ന് തേവരയിലേക്ക് പോകുന്ന ബസിലാണ് ഇംഗ്ലഷിൽ ‘സ്ട്രീറ്റ് റേസിംഗ് ഈസ് നോട്ട് എ ക്രൈം' എന്ന് പെയിന്റ് ചെയ്തിരിക്കുന്നത്. മുൻ കാലങ്ങളിൽ ടൂറിസ്റ്റ് ബസുകളിൽ പ്രശസ്ത സിനിമാ ഡയലോഗുകൾ, അശ്ലീല സംഭാഷങ്ങൾ വലിയ ചിത്രങ്ങളോടൊപ്പം എഴുതി വയ്ക്കുന്നത് വിവാദമായിരുന്നു.
അപകടങ്ങളെ തുടർന്ന് നിറം വെളുപ്പ് ആക്കിയതോടെ ടൂറിസ്റ്റ് ബസുകളിൽനിന്ന് അവ അപ്രത്യക്ഷമായി. നിയമവിരുദ്ധമായ വരികൾ ഈയിടെയായി സ്വകാര്യ ബസുകളുടെ അകത്തും പുറത്തു കാണുന്നതായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും കൂടുതൽ മത്സരയോട്ടവും അപകടങ്ങളും നടക്കുന്ന ആലുവ - എറണാകുളം ദേശീയ പാതയിലൂടെ ഓടുന്ന ബസിനെതിരെ നടപടിയെടുക്കേണ്ട അധികൃതരുടെ കണ്ണിൽ ഇവ പെടുന്നുമില്ല.