ജൽജീവൻ പദ്ധതി പൈപ്പ് സ്ഥാപിക്കൽ : അപകട മേഖലയായി കൊടികുത്തുമല
1429904
Monday, June 17, 2024 4:35 AM IST
ആലുവ: ജൽജീവൻ പദ്ധതിയുടെ ഭാഗമായി ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കാൻ കുഴിച്ച റോഡിൽ തുടർച്ചയായി അപകടങ്ങൾ നടക്കുന്നു. എൻഎഡി-മെഡിക്കൽ കോളജ് റോഡിൽ കൊടികുത്തുമല മേഖലയാണ് അപകടമേഖലയായി മാറിയിരിക്കുന്നത്.
കുത്തനെ കയറ്റവും ഇറക്കവും കൊടുംവളവുകളുമുള്ള ഇടുങ്ങിയ റോഡിൽ പൈപ്പുകൾ കൊണ്ടുവന്നിട്ടതോടെയാണ് അപകടമേഖലയായത്. കൊടികുത്തുമല ജംഗ്ഷൻ മുതൽ അടിവാരം ബസ് സ്റ്റോപ്പ് വരെ റോഡിന്റെ ഒരു ഭാഗം പൂർണമായും കുടിവെള്ള കുഴൽ സ്ഥാപിക്കുന്നതിനായി കുഴിച്ചിടത്ത് മണ്ണിട്ട് മൂടിയെങ്കിലും പഴയപടിയായി. മഴ പെയ്തതോടെ ഈ ഭാഗത്ത് വെള്ളം കുത്തിയൊലിച്ച് മണ്ണ് താഴ്ന്ന നിലയിലാണ്.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ബസും കാറും സൈഡു നൽകുന്നതിനിടയിൽ റോഡരികിൽ ഇട്ടിരിക്കുന്ന പൈപ്പിൽ ഇടിച്ച് അപകടവും ഉണ്ടായി. ചതുപ്പായി മാറിയ റോഡിന്റെ ഇരുവശങ്ങളിലും ലോഡ് നിറച്ച കണ്ടെയ്നർ ലോറികളും താഴുന്നുണ്ട്. പരാതികൾ നൽകിയിട്ടും സർക്കാർ വകുപ്പുകൾ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ആലുവയിൽനിന്നും പെരുമ്പാവൂർ, കോതമംഗലം, ഇടുക്കി ജില്ല ഉൾപ്പെടെ കിഴക്കൻ മേഖലയിൽ നിന്നും ആംബുലൻസുകൾ എറണാകുളം ഗവൺമെന്റെ മെഡിക്കൽ കോളജിലെത്താൻ ആശ്രയിക്കുന്ന റോഡാണ് മാസങ്ങളായി അപകടാവസ്ഥയിലായിരിക്കുന്നത്.