സാമ്പത്തിക തട്ടിപ്പ് പരാതി: സൗബിന് ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു
1429634
Sunday, June 16, 2024 5:17 AM IST
കൊച്ചി: "മഞ്ഞുമ്മല്‍ ബോയ്സ്' നിര്‍മാതാക്കള്‍ക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ നടനും സിനിമയുടെ നിര്‍മാതാവുമായ സൗബിന് ഷാഹിറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്തു.
കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സൗബിന് നല്കിയ മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. നിര്‍മാതാവ് ഷോണ്‍ ആന്റണിയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരുടെ ഉമടസ്ഥതയിലുള്ള പറവ ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചത്.
നേരത്തെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ സിനിമ നിര്‍മാണത്തില്‍ പങ്കാളിയായ അരൂര്‍ സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേടതി കേസെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിരുന്നു.
ഇതുപ്രകാരം ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി പറവ ഫിലിംസിന്റെ ഉടമകളായ ഷോണ്‍ ആന്റണി, നടന് സൗബിന് ഷാഹിര്‍, സൗബിന്റെ പിതാവ് ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ മരട് പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
സിനിമയ്ക്കായി ഏഴു കോടി മുടക്കിയെന്നും മുടക്കുമുതലോ ലാഭവിഹിതമോ നല്‍കിയില്ലെന്നുമായിരുന്നു സിറാജിന്റെ പരാതി.