മെട്രോ തൂണുകള്‍ക്ക് മുകളിലെ സിമന്റ് പാളികള്‍ ഇളകിവീണു
1429627
Sunday, June 16, 2024 5:10 AM IST
കൊച്ചി: എളങ്കുളം മെട്രോ സ്റ്റേഷനില്‍ തൂണുകള്‍ക്ക് മുകളിലെ സിമന്റ് പാളികൾ ഇളകിവീണു. കഴിഞ്ഞ ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മുകളിലേക്ക് സിമന്റ് പാളികള്‍ അടര്‍ന്ന് വീണതോടെ മെട്രോ ജീവനക്കാരെത്തി ഇളകിയ സിമന്റ് പാളികള്‍ കുത്തിക്കളഞ്ഞ് അപകട സാഹചര്യം ഒഴിവാക്കി. അറ്റകുറ്റപ്പണികള്‍ നടക്കുന്ന സമയം എസ്എ റോഡില്‍ കടവന്ത്ര മുതല്‍ എളംകുളം പാലം വരെയുള്ള ഭാഗത്ത് വലിയ ഗതാഗതക്കുരുക്കായിരുന്നു.
മെട്രോ രണ്ടാംഘട്ടം: യോഗം ചേര്‍ന്നു
കൊച്ചി: മെട്രോ രണ്ടാംഘട്ട നിര്‍മാണങ്ങളുടെ ഭാഗമായി വെണ്ണല, പാലച്ചുവട് ജംഗ്ഷനുകളുടെയും ആലിന് ചുവട് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതും സംബന്ധിച്ച് ജനപ്രതിനിധികളും പൊതുജനങ്ങളും പങ്കെടുത്ത വിശകലന യോഗം ചേര്‍ന്നു. വെണ്ണല ഗവ. എച്ച്എസ് ഹാളില്‍ നടന്ന യോഗത്തില്‍ ഉമാ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് തുടര്‍നടപടികള്‍ വിശദീകരിച്ചു. സ്ഥലം എംഎല്‍എ, ജില്ലാ ഭരണകൂടം, കോര്പറേഷന്, കെഎംആര്‍എല്‍ എന്നിവരും മറ്റ് അനുബന്ധ സംവിധാനങ്ങളും ചേര്‍ന്ന് ആലോചിച്ചുള്ള സാങ്കേതിക തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ധനസഹായം ഉറപ്പു വരുത്താന്‍ കഴിയും. ഇക്കാര്യത്തില്‍ കൊച്ചി മാസ്റ്റര്‍ പ്ലാനിനെ അടിസ്ഥാനമാക്കി മുന്നോട്ടുപോകണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
യോഗത്തില്‍ തൃക്കാക്കര നഗരസഭ ചെയര്പേഴ്സന് രാധാമണിപിള്ള, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.