‘കേരളത്തിലെ വലിയ വനിതാ കൂട്ടായ്മയായി എന്റെ നാട് വനിതാ കൂട്ടായ്മയെ മാറ്റും’
1429623
Sunday, June 16, 2024 5:10 AM IST
കോതമംഗലം : കേരളത്തിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയായി എന്റെ നാട് വനിതാ കൂട്ടായ്മയെ മാറ്റുമെന്ന് ചെയർമാൻ ഷിബു തെക്കുംപുറം. എന്റെ നാട് ജനകീയ കൂട്ടായ്മ കോട്ടപ്പടി പഞ്ചായത്തുതല വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാളുകളിൽ സ്വയം തൊഴിൽ സംരംഭകരായ വനിതകൾക്ക് പലിശ രഹിത വായ്പ നൽകുക, സ്വയം തൊഴിൽ പരിശീലിപ്പിക്കുന്നതിനായി തയ്യൽ പരിശീലനം, ബ്യൂട്ടീഷൻ കോഴ്സ് തുടങ്ങിയ ക്ലാസുകൾ സൗജന്യമായി നടത്തുന്നുണ്ട്.
കിടപ്പ് രോഗികൾക്ക് 500 രൂപ മാസന്തോറും നൽകി വരുന്നതായും എന്റെ നാട് ജനകീയ കൂട്ടായ്മ ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന വനിതാ സംഗമത്തിൽ വനിതാമിത്ര പഞ്ചായത്ത്തല പ്രസിഡന്റ് പ്രിയ സാബു അധ്യക്ഷത വഹിച്ചു.
ഡി. കോര, എന്റെ നാട് സെക്രട്ടറി പി.എ. പാദുഷ, പഞ്ചായത്തംഗം ഷിജി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഗവ. ട്രെയിനർ സഞ്ജു റ്റി. കുര്യൻ വനിതാ ക്ഷേമവും ഉന്നമനവും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. എന്റെ നാട് പാലിയേറ്റീവ് കെയർ നഴ്സ് അനു ജിതിനെ മികച്ച പ്രവർത്തനം നടത്തിയതിന് ചടങ്ങിൽ ആദരിച്ചു.