വാസ്തുശില്പ കലയുടെ കാഴ്ചകളുമായി "സീഡ്സ്കേപ്'
1429614
Sunday, June 16, 2024 4:53 AM IST
കൊച്ചി: മൂവാറ്റുപുഴ സീഡ് - എപിജെ അബ്ദുല്‍ കലാം സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍ സംഘടിപ്പിക്കുന്ന സീഡ്സ്കേപ് പ്രദര്‍ശനത്തിന്റെ അഞ്ചാം എഡിഷന് കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി. പ്രമുഖ ആര്‍ക്കിടെക്ടുകളായ ലിജോ ജോസ്, റെനി ലിജോ, ജില്‍സ് ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കൊച്ചിന് ക്രീയേറ്റീവ് കളക്ടീവാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.
കോളജിലെ 120ലേറെ വിദ്യാര്‍ഥികള്‍ ചെയ്ത പ്രൊജക്ടുകളില്‍ നിന്ന് തെരഞ്ഞെടുത്ത 550ഓളം സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. വാസ്തുനിര്‍മിതി ഭാഷയുടെ അടിസ്ഥാനം, കെട്ടിടവും ഭൂമിയും തമ്മിലുള്ള ബന്ധം, കാലാവസ്ഥാനുകൂല രൂപകല്പനകള്, നഗരരൂപകല്പന തുടങ്ങിയ വിഷയങ്ങളിലധിഷ്ഠിതമായ മാതൃകകൾ പ്രദര്‍ശനത്തിലുണ്ട്. ചിത്രങ്ങള്‍, വീഡിയോ ഇന്‍സ്റ്റലേഷനുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുള്‍പ്പെടുന്നു.
വിഖ്യാത ആര്‍കിടെക്ടും പ്രിറ്റ്സ്കര്‍ പുരസ്കാര ജേതാവുമായ ഷിഗെരൂ ബാന്‍ ഈ മാസം 21ന് പ്രദര്‍ശനം സന്ദര്‍ശിക്കും. പ്രദർശനസമയം രാവിലെ 11 മുതല്‍ വൈകിട്ട് ഏഴു വരെയാണ്. 23ന് സമാപിക്കും.