കരയാംപറമ്പില്‍ അപ്രോച്ച് റോഡ് ഇടിഞ്ഞിടത്ത് അറ്റകുറ്റപ്പണി തുടങ്ങി
1429611
Sunday, June 16, 2024 4:52 AM IST
അങ്കമാലി: ദേശീയപാതയിലെ കരയാംപറമ്പ് പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞ ഭാഗത്ത് അറ്റകുറ്റപ്പണി ആരംഭിച്ചു. കനത്തെ മഴയെതുടര്‍ന്ന് മൂന്നാഴ്ച മുമ്പാണ് തൃശൂര്‍ ഭാഗത്തേക്കുള്ള റോഡിന്റെ അരിക് ഇടിഞ്ഞത്. 30 അടിയോളം ഭാഗമാണ് താഴേക്ക് ഇടിഞ്ഞുപോയത്. ഇടിഞ്ഞ ഭാഗത്ത് ചാക്കില്‍ മണ്ണു നിറച്ച് അട്ടിയിട്ടാണ് ബലപ്പെടുത്തിയിട്ടുള്ളത്.
മണ്ണിടിച്ചിലിനൊപ്പം തകര്‍ന്ന ഇരുമ്പിന്റെ സംരക്ഷണത്തട ഉറപ്പിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇടിഞ്ഞ ഭാഗം നിലവില്‍ കയര്‍കെട്ടി തിരിച്ചിട്ടിരിക്കുകയാണ്.
പെയ്ത്തുവെള്ളം കാനയിലൂടെ ഒഴുകാതെ റോഡിലൂടെ കുത്തിയൊഴുകിയതാണ് റോഡരിക് ഇടിയാന്‍ കാരണമായത്. താഴ്ന്ന ഭാഗമായ ഇവിടേക്ക് വെള്ളം ഒഴുകിയെത്തുന്നത് തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മഴ കനക്കുന്നതോടെ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്.
പതിവായി ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന ഭാഗമായതിനാല്‍ പലപ്പോഴും വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ അരികുചേര്‍ന്നാണ് പോകുന്നത്. റോഡിന്റെ അരികുവശത്തിന് താഴ്ച കൂടുതലായതിനാല്‍ ഇടിഞ്ഞ ഭാഗം താഴെ നിന്നും കോണ്‍ക്രീറ്റ് ചെയ്തു ബലപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.