കാറിടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു
1429493
Saturday, June 15, 2024 10:21 PM IST
തൃപ്പൂണിത്തുറ: നായയുടെ ആക്രമണം ഭയന്ന് പിന്നോട്ട് മാറിയ ഓട്ടോ ഡ്രൈവർ കാറിടിച്ച് മരിച്ചു. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ചിന്മയ വിദ്യാലയത്തിന് സമീപം വെള്ളാങ്ങിത്തോപ്പിൽ എ.ആർ. ഷാജി (54) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലിന് കണ്ണൻകുളങ്ങര ക്ഷേത്രക്കുളത്തിന് സമീപമായിരുന്നു അപകടം.
അവിടുത്തെ പൈപ്പ് കടയിലെ ഓട്ടത്തിനായി വന്നതായിരുന്നു ഷാജി. സാധനങ്ങൾ കയറ്റിയ ശേഷം ഓട്ടോയെടുക്കാൻ ചെന്നപ്പോൾ അതിനടിയിൽ കിടന്നിരുന്ന നായ പെട്ടെന്ന് കുരച്ചുകൊണ്ട് ഷാജിക്കു നേരെ ചാടി. കടിയേൽക്കാതിരിക്കാനായി പെട്ടെന്ന് പിന്നോട്ട് മാറിയപ്പോൾ അതുവഴി വന്ന കാർ ഷാജിയെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: പരേതയായ ജയ. മകൻ: ആഷിക് ഷാജി.