വിവാദ ഭൂമി തട്ടിയെടുക്കൽ കേസ്: കോണ്‍ഗ്രസിന്റെ പോലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്
1429423
Saturday, June 15, 2024 4:58 AM IST
മൂവാറ്റുപുഴ: ഭൂമി തട്ടിയെടുക്കൽ കേസിൽ പ്രതിയായ സിപിഎം ഏരിയാ സെക്രട്ടറി തത്സ്ഥാനം രാജിവച്ച് പൊതുപ്രവർത്തകർക്ക് മാതൃകയാകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മൂവാറ്റുപുഴ, മഞ്ഞള്ളൂർ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നു പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കും.
വൈകുന്നേരം നാലിന് കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. കമ്മീഷൻ വാങ്ങിച്ചു വിവിധ കേസുകൾ ഒത്തുതീർപ്പാക്കുന്നത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന സമാന സ്വഭാവമുള്ള കേസുകൾ കണ്ടെത്തി ഇരു കക്ഷികളെയും പാർട്ടി ഓഫീസിൽ വിളിച്ചു വരുത്തി കേസ് ഒരു വിഭാഗത്തിന് മാത്രം അനുകൂലമായി ഒത്തുതീർപ്പാക്കുകയാണ് പതിവെന്ന് കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു.
എന്നിട്ട് അവരിൽ നിന്ന് നിശ്ചിതമായ തുക കമ്മീഷനായി വാങ്ങുകയും കക്ഷികളെ ഭീഷണിപ്പെടുത്തിയും ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി കേസ് ഒത്തു തീർപ്പാക്കുകയുമാണ് പതിവെന്നും അവർ പറഞ്ഞുവെന്നും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ ആരോപിച്ചു.