സുസ്ഥിരം ചുറ്റുവട്ടം: രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു
1429418
Saturday, June 15, 2024 4:42 AM IST
കൊച്ചി: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി കൊച്ചി നഗരസഭ വിഭാവനം ചെയ്ത സുസ്ഥിര ചുറ്റുവട്ടം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു. തട്ടാഴം ഡിവിഷനിലെ ഡോണ്‍ ബോസ്കോ കാമ്പസില്‍ നടന്ന പരിപാടി മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ സിഎസ്ആര്‍ സാമ്പത്തിക സഹായത്തോടെയാണ് രണ്ടാംഘട്ടം പൂര്‍ത്തീകരിച്ചത്. ആദ്യഘട്ടം എളമക്കര നോര്‍ത്ത്, പുതുക്കലവട്ടം ഡിവിഷനുകളിലായിരുന്നു.
പദ്ധതിയുടെ ഭാഗമായി 30 കിലോവാട്ട് ശേഷിയുള്ള സോളാര്‍ റൂഫ്ടോപ്പ് പാനലുകള്‍, സോളാര്‍ പാനലുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന സൗരോജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫ്ളഡ് ലിറ്റുകള്‍, പ്രതിദിനം 750 കിലോഗ്രാം ഖരമാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് എന്നിവയാണ് സ്ഥാപിച്ചത്.
പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ ആന്‍ഡ് റീജണല്‍ ഹെഡ്, എറണാകുളം റീജണല്‍ ഓഫീസ് ടി.എസ്. മോഹനദാസ് പറഞ്ഞു. ഫാ. ഷിബു ഡേവിസ് അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍ വി.വി. പ്രവീണ്‍, സിഹെഡ് എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ ചിന്നു മേരി. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ പ്രിയ പ്രശാന്ത് തുടങ്ങിയവരും പങ്കെടുത്തു.