ട്യൂഷൻ കഴിഞ്ഞിറങ്ങിയ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന്
1429413
Saturday, June 15, 2024 4:42 AM IST
വരാപ്പുഴ: കോട്ടുവള്ളിയിൽ ട്യൂഷൻ കഴിഞ്ഞ് ഇറങ്ങിയ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഒമ്നി വാനിൽ എത്തിയ മൂന്നംഗ സംഘമാണ് തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്. രണ്ടു പേർ വാനിലും ഒരാൾ ബൈക്കിലുമായിട്ടാണ് എത്തിയത്.
ബൈക്കിൽ എത്തിയ ആൾ രണ്ടു ദിവസം മുൻപ് കുട്ടികളെ കണ്ട് പേര് ചോദിച്ചിരുന്നു. മിഠായി വേണോ എന്നും ചോദിച്ച ശേഷം മടങ്ങിയ ഇയാൾ സംഘത്തിൽ ഉണ്ടായിരുന്നതായി ഒരു കുട്ടി പറഞ്ഞു.
സംഘമെത്തിയ ഒമ്നി വാഹനത്തിന് നമ്പർ ഉണ്ടായിരുന്നില്ല. കോട്ടുവള്ളി ചെമ്മായം പാലത്തിന് സമീപം പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററിൽ നിന്നും ഇറങ്ങിയ കുട്ടികളെ തേടിയാണ് ഇവർ എത്തിയത്. കുട്ടികളെ വാഹനത്തിലേക്ക് കയറ്റാൻ ശ്രമം നടത്തുന്നതിനിടെ ഓടി സമീപത്തെ വീടുകളിലേക്ക് കയറുകയായിരുന്നെന്ന് പറയുന്നു.
കുട്ടികളെ തട്ടി കൊണ്ടുപോകാൻ ശ്രമം നടന്നതോടെ ഇന്നലെ നിരവധി മാതാപിതാക്കൾ എത്തിയാണ് കുട്ടികളെ കൂട്ടി കൊണ്ടുപോയത്.