വാട്ടർ അഥോറിറ്റിയുടെ പൈപ്പ്ലൈൻ പൊട്ടി; കപ്പത്തോട്ടം വെള്ളത്തിൽ
1429412
Saturday, June 15, 2024 4:42 AM IST
ആലങ്ങാട്: കുടിവെള്ള പൈപ്പ് പൊട്ടി കപ്പക്കൃഷി വെള്ളത്തിലായി. കുന്നേൽ പള്ളിക്ക് സമീപമുള്ള വാട്ടർ ടാങ്കിൽ നിന്നുള്ള വിതരണ കുഴൽ പൊട്ടിയതിനെ തുടർന്ന് ആലങ്ങാട് കുന്നേൽ എഴുവച്ചിറ ഭാഗത്ത് കപ്പകൃഷി ചെയ്ത സ്ഥലത്തേക്ക് വെള്ളം പൊട്ടി ഒഴിക്കിയതിനാൽ കപ്പ മുഴുവൻ വെള്ളം കയറി നശിച്ചു.
രണ്ട് ആഴ്ച മുന്പ് ഈ സ്ഥലത്ത് ജലവിതരണ കുഴൽ പൊട്ടി കപ്പത്തോട്ടത്തിൽ വെള്ളം കയറിയിരുന്നു. 50,000 രൂപ വിലയുള്ള കപ്പ കൃഷിയാണ് വെള്ളം കയറി നശിച്ചത്. കൊടുവഴങ്ങ സ്വദേശി പവിത്രൻ കർഷകൻറെ കപ്പ കൃഷിയാണ് കുടിവെള്ളം കയറി നശിച്ചത്.
കുന്നേൽ പള്ളി, എഴുവച്ചിറ, തിരുവാലൂർ, തുരുത്ത് എന്നി മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാവുകയും, ആഴ്ചയിൽ രണ്ട് ദിവസം മാത്രമേ വെള്ളം എത്തുന്നുള്ളൂവെന്ന പരാതിയും ശക്തമായിരിക്കുകയാണ്.
വാട്ടർ അഥോരിറ്റിയുടെ ഈ അനാസ്ഥ കാരണം ഉണ്ടായ കർഷകന്റെ നഷ്ടം ബന്ധപ്പെട്ട അധികാരികളോ, സർക്കാരോ നൽകണമെന്ന് കർഷക സംഘം ആലങ്ങാട് ഈസ്റ്റ് വില്ലേജ് സെക്രട്ടറി കെ.ആർ. ബിജു ആവശ്യപ്പെടുകയും കൃഷി മന്ത്രി, ജലവിഭവ വക്കുപ്പുമന്ത്രി എന്നിവർക്ക് പരാതി നൽകുകയും ചെയ്തു.