നിയന്ത്രണംവിട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി
1429229
Friday, June 14, 2024 5:11 AM IST
തൃപ്പൂണിത്തുറ: ഡ്രൈവർ ഉറങ്ങിപ്പോയതിനെതുടർന്ന് നിയന്ത്രണംവിട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി. വൈക്കം റോഡിൽ കണ്ണൻകുളങ്ങരയ്ക്കടുത്ത് വ്യാഴാഴ്ച്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. പുതിയകാവ് ഭാഗത്തുനിന്നും തൃപ്പൂണിത്തുറയിലേക്ക് വന്ന കാർ റോഡിന്റെ ഇടത് വശത്ത് നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് മുറിച്ചുകടന്ന് എതിർ ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
മതിലിലും പോസ്റ്റിലുമായി ഇടിച്ചാണ് കാർനിന്നത്. യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. വെട്ടിത്തിരിഞ്ഞ് അമിത വേഗതയിലെത്തിയ കാറിനെ കണ്ട് എതിരെയുള്ള വാഹനം പെട്ടെന്ന് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.