ഹോട്ടലിൽനിന്ന് പഴയ ഭക്ഷണം പിടികൂടിയ കേസ്; സൂപ്പർവൈസർക്ക് സസ്പെൻഷൻ
1429228
Friday, June 14, 2024 5:10 AM IST
പറവൂർ: ഹോട്ടലിൽനിന്നു നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത പഴകിയ ഭക്ഷണം ഹോട്ടലിലേക്ക് തന്നെ തിരികെ നൽകിയ സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ആരോഗ്യ വിഭാഗം സൂപ്പർവൈസർ (ക്ലീൻ സിറ്റി മാനേജർ) പി.വി. ജിജുവിനെ നഗരസഭ സെക്രട്ടറി സസ്പെൻഡ് ചെയ്തു.
ഡോൺബോസ്കോ ആശുപത്രിക്ക് എതിർവശം പ്രവർത്തിക്കുന്ന സ്വാഗത് ഹോട്ടലിൽ നിന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ദിവസങ്ങളോളം പഴക്കമുള്ള ഇറച്ചി ഉൾപ്പടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചത്. പിടിച്ചെടുത്തവ നഗരസഭയുടെ വാഹനത്തിൽ കയറ്റവേ ഭരണകക്ഷിയിലെ ഒരു കൗൺസിലർ സൂപ്പർവൈസറെ വിളിച്ചതിനെത്തുടർന്ന് പിടിച്ചെടുത്ത സാധനങ്ങൾ ഹോട്ടലിലേക്ക് തന്നെ തിരികെ കൊടുക്കുകയായിരുന്നു.
സംഭവസമയം ഒപ്പമുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ ഈ നടപടിയെ എതിർത്തെങ്കിലും ഫലമുണ്ടായില്ല. ആരോഗ്യ വിഭാഗം പരിശോധന നടത്തുന്ന വിവരം മുൻകൂറായി ഹോട്ടലുകളെ അറിയിക്കുന്നത് ഈ ഭരണകക്ഷി കൗൺസിലറാണെന്ന് നേരത്തേ ആക്ഷേപം ഉയർന്നിരുന്നു. കൗൺസിലറുടെ ഇടപെടൽ മൂലം ഹോട്ടലിന് എതിരായി തുടർ നടപടി ഉണ്ടാകാതിരുന്ന വിഷയം ഹെൽത്ത് ഇൻസ്പെക്ടർ കൗൺസിൽ യോഗത്തിൽ പറഞ്ഞതിനെ തുടർന്ന് നടപടി വേണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു.
ഹെൽത്ത് സ്ക്വാഡ് പരിശോധനയ്ക്ക് പോകുമ്പോഴും ഓഫീസിൽ വരുമ്പോഴും ജിജു മദ്യപിക്കുന്നതായി കൗൺസിലർമാർ പരാതിപ്പെട്ടിരുന്നു. അനധികൃതമായി അവധിയെടുക്കുന്നതും ജിജു പതിവാക്കിയിരുന്നു. തുടർച്ചയായി ഗുരുതരമായ കൃത്യവിലോപം നടത്തുന്നതിനാലാണ് സസ്പെൻഡ് ചെയ്തത്.