പൊതുകാനയിൽ രഹസ്യ മാലിന്യ പൈപ്പുകൾ
1429226
Friday, June 14, 2024 5:04 AM IST
ആലുവ: റെയിൽവേ സ്റ്റേഷൻ റോഡിൽ നവീകരണം നടക്കുന്ന പൊതുകാനയിലേക്ക് മാലിന്യ നിർഗമന പൈപ്പുകൾ രഹസ്യമായി സ്ഥാപിച്ചതായി പൊതുമരാമത്ത്, നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ സംയുക്ത പരിശോധനയിൽ കണ്ടെത്തി. മൂന്ന് ഹോട്ടലുകൾ, ഒരു ആരാധനാലയം, രണ്ട് ലോഡ്ജുകൾ എന്നീ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുമെന്ന് നഗരസഭ അറിയിച്ചു.
ഇന്നലെ രാവിലെ മുതൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പമ്പ് കവല മുതൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെ നിർമാണം പുരോഗമിക്കുന്ന പൊതുകാനയുടെ പരിശോധനയാണ് നടന്നത്. ഇനിയും അര കിലോമീറ്ററോളം നിർമാണം നടക്കാനുണ്ട്.
നിർമ്മാണം പൂർത്തിയായി സ്ലാബ് ഇടുന്ന മേഖലകളിലാണ് സ്ഥാപനങ്ങൾ രഹസ്യമായി പൈപ്പുകൾ ഇടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഹോട്ടൽ മാലിന്യം, സെപ്റ്റിക് മാലിന്യം എന്നിവയാണ് പ്രത്യേക പൈപ്പ് സ്ഥാപിച്ച് തള്ളുന്നതായി കണ്ടെത്തിയത്. ഹോട്ടലുകൾ, ലോഡ്ജുകൾ എന്നീ സ്ഥാപനങ്ങളാണ് പ്രധാനമായും മാലിന്യം തള്ളുന്നത്.
കുഴലുകൾ നീക്കാൻ ഹോട്ടൽ, ലോഡ്ജ് ഉടമകൾ, മസ്ജിദ് കമ്മിറ്റി എന്നിവരോട് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ട്രീസ സെബാസ്റ്റ്യൻ നിർദേശിച്ചു. ആലുവ നഗരസഭ ആരോഗ്യ വിഭാഗം ഉടൻ നോട്ടീസും നൽകും. പരിശോധന വീണ്ടും തുടരും. മാലിന്യം ഒഴുക്കിവിടാൻ അനുവാദമില്ലെന്നും കാനയുടെ മുകളിലൂടെ മാത്രമേ മഴവെള്ളം ഒഴുക്കാനുള്ള കുഴൽ വയ്ക്കാനാകൂയെന്നും എൻജിനീയർ നിർദേശം നൽകി.