വ്യാജ ജൈവവളം ഇറക്കി കർഷകരെ വഞ്ചിക്കുന്നെന്ന്
1424942
Sunday, May 26, 2024 3:50 AM IST
കൂത്താട്ടുകുളം: സർക്കാർ ഫാമിലെ ആട്ടിൻകാഷ്ഠ വളമാണെന്ന പേരിൽ വ്യാജ ജൈവവളം ഇറക്കി കർഷകരെ വഞ്ചിക്കുകയും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നതായി പരാതി. ഇന്നലെ രാവിലെ എട്ടിന് ആട്ടിൻകാഷ്ഠ വളമെന്ന പേരിൽ മാലിന്യം നിറച്ച ഇരുന്നൂറിലധികം ചാക്കുകളുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോറിയെത്തിയതായാണ് പരാതി.
സൗത്ത് റസിഡന്റ്സ് അസോസിയേഷൻ പ്രദേശത്ത് ചാക്കിൽ നിറച്ച മാലിന്യം അട്ടിയിട്ട് വച്ചു. നാട്ടുകാർ നഗരസഭാ അധികൃതരെയും പോലീസിനെയും വിവരമറിയിച്ചതോടെ നഗരസഭാ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ദുർഗന്ധം വമിക്കുന്ന ചാക്കുകൾ മാറ്റാൻ അധികൃതർ നിർദേശിക്കുകയായിരുന്നു.
ചാക്കുകളിൽ നിയമപ്രകാരമുള്ള ലേബലുകളോ, ബില്ലോ മറ്റ് രേഖകളോ ഇല്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. ഇറക്കിയ വളം കൃഷിയാവശ്യത്തിനാണെന്നും രേഖകളും ബില്ലും വേണ്ടെന്നുമാണ് ലോഡുമായെത്തിയ ഏജൻസിക്കാരുടെ വാദം. കിലോയ്ക്ക് മൂന്ന് രൂപ പ്രകാരമാണ് ഇവർ വളം നൽകുന്നത്.
ഒരു കിലോ രണ്ട് കിലോ പായ്ക്കറ്റുകളിലാക്കിയും നൽകുന്നുണ്ട്. വളത്തിന്റെ ഗുണമേന്മ കർഷകർ ഉറപ്പുവരുത്തണമെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. ജലജന്യ രോഗങ്ങൾ പടരുവാൻ ഇടയാക്കുന്നതിനാൽ ദുർഗന്ധം വമിക്കുന്ന വളം വീട്ടുപരിസരത്ത് സൂക്ഷിക്കരുതെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.