പെരിയാർ വാലി കനാൽ വഴി കൂടുതൽ വെള്ളം എത്തിക്കും
1417128
Thursday, April 18, 2024 4:52 AM IST
കോതമംഗലം: വാട്ടർ അഥോറിറ്റിയുടെ പമ്പിംഗ് സുഗമമാക്കാൻ പെരിയാർ വാലി കനാലിലൂടെ കൂടുതൽ വെള്ളം എത്തിക്കാൻ തീരുമാനം. കുറേ ദിവസങ്ങളായി വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം പമ്പിംഗ് പലപ്പോഴും മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. വേനൽ കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗം കൂടി.
ഇതോടെ ബ്രാഞ്ച് കനാലുകളുടെ അവസാന പ്രദേശങ്ങളിൽ വെള്ളം ലഭ്യമായിരുന്നില്ല. വാട്ടർ അഥോറിറ്റിയുടെ പമ്പിംഗ് മുടങ്ങാതിരിക്കാൻ കനാലുകളിലൂടെ കൂടുതൽ വെള്ളം എത്തിക്കാനും ബ്രാഞ്ച് കനാലുകളിലടക്കം വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താനും ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
യോഗത്തിൽ ആന്റണി ജോൺ എംഎൽഎ യുടെ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ.കെ. ടോമി, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, വാട്ടർ അഥോറിറ്റി എക്സികുട്ടീവ് എൻജിനീയർ കെ.പി. പ്രസാദ് ,പിവിഐപി എക്സികുട്ടീവ് എൻജിനീയർ സി.വി. ബൈജു ,
വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനീയർ നിഷ ഐസക്ക്, പിവിഐപി അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനീയർ ഫെബി ലൂയിസ്, വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയർ ദിനിൽ വർഗീസ്, പിവിഐപി അസിസ്റ്റന്റ് എൻജിനീയർ മനോജ് ആന്റണി എന്നിവർ പങ്കെടുത്തു.