കനേഡിയന്‍ പോലീസില്‍ മലയാളി യുവാവും
1339898
Monday, October 2, 2023 1:24 AM IST
ജിജു കോതമംഗലം
കോതമംഗലം: കനേഡിയന്‍ പോലീസില്‍ ഇരുപത്തഞ്ചുകാരനായ കുറുപ്പംപടി സ്വദേശിയും. കുറുപ്പംപടി തുരുത്തി പുളിക്കല്‍ പി.പി. അവറാച്ചന്റെ മകന് ഡോണ്‍ ആണ് കനേഡിയന്‍ പോലീസ് സേനയില്‍ അംഗമായത്.
2017ല്‍ പ്ലസ് ടു കഴിഞ്ഞ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്ലോമ പഠിക്കാനാണ് ഡോൺ കാനഡയിലേക്ക് പോയത്. സേനയിൽ പ്രവേശിക്കുക എന്ന നിശ്ചയദാര്‍ഢ്യത്തിന്റെയും നിരന്തരമായ കഠിനപ്രയത്നത്തിന്റെയും ഫലമായി കഴിഞ്ഞ 27ന് കാനഡയിലെ ഒന്റാറിയോ, ന്യൂ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ പോലീസ് ഓഫീസറായി ഡോണ്‍ സത്യപ്രതിജ്ഞ ചെയ്തു.
പിആര്‍ ലഭിച്ചതിനുശേഷം ഒന്നര വര്‍ഷം സെക്യൂരിറ്റി മേഖലയില്‍ സേവനമനുഷ്ഠിച്ച ഡോണ്‍ വോളന്റിയറിംഗ് ജോലിയും ചെയ്തിരുന്നു. ആപ്ലിക്കേഷന്‍ പ്രൊഫൈല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. പതിനൊന്ന് മാസം നീണ്ടുനിന്ന ആപ്ലിക്കേഷന്‍ പ്രോസസിംഗ് ആയിരുന്നു ഡോണിന്റേത്.
എഴുത്തു പരീക്ഷ, ഫിസിക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ, സൈക്കോളജിക്കല്‍ അസസ്മെന്റ്, ബാക്ക്ഗ്രൗണ്ട് ഇന്‍വെസ്റ്റിഗേഷന്‍, ഡ്രൈവിംഗ് അസസ്മെന്റ്, മെഡിക്കല്‍ എക്സാം തുടങ്ങി ഒമ്പതോളം ഘട്ടങ്ങളിലായിരുന്നു റിക്രൂട്ടിംഗ് പ്രോസസ്.
കണ്ടീഷണല്‍ ഓഫര്‍ ലെറ്റര്‍ കൈപ്പറ്റിയെങ്കിലും വീണ്ടും ആറ് മാസം പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഡോണിനു നിയമനം ലഭിച്ചത്. കാനഡയില്‍ വിവിധ പ്രൊവിന്‍സുകളില്‍ വേറെയും മലയാളി ഓഫീസർമാർ ഉണ്ടെന്ന് ഡോണ്‍ പറഞ്ഞു.
ഡോണിന്റെ പിതാവ് പി.പി. അവറാച്ചന് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ആണ്. മാതാവ് ഷീജ കേരള ബാങ്ക് കോതമംഗലം ശാഖയില്‍ അസിസ്റ്റന്റ് മാനേജറായി സേവനമനുഷ്ഠിക്കുന്നു. ഏക സഹോദരന് റോണ്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയതിനു ശേഷം മെഡിക്കല്‍ എന്‍ട്രന്‍സിനുള്ള തയാറെടുപ്പിലാണ്.