കൊച്ചി: നഗര മാലിന്യ സംസ്കരണം കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമാക്കാന്‍ കൈക്കൊള്ളുന്ന നടപടികളെ ശിക്ഷയായി നഗരവാസികള്‍ കണക്കാക്കരുതെന്ന് മേയര്‍ എം. അനില്‍കുമാര്‍.
ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടികളെടുക്കേണ്ടിവരുന്നത്. നഗരത്തിലെ പുതിയ വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതികള്‍ പരിചയപ്പെടുത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മേയര്‍.
സിഎംഎഫ്ആര്‍ഐ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ നഗരത്തിലെ വിവിധ ഫ്ലാറ്റ് ഉടമകള്‍, റസിഡന്റ്സ് അസോസിയേഷനുകളുടെ അപ്പെക്സ് കൗണ്‍സില്‍, ചേംബര്‍ ഓഫ് കോമേഴ്സ്, റോട്ടറി ക്ലബ്, മര്‍ച്ചന്റ്സ് ചേംബര്‍, മര്‍ച്ചന്റ്സ് അസോസിയേഷന്, വ്യാപാരി വ്യവസായി സംഘനടകള്‍, ക്രെഡായി തുടങ്ങിയവര്‍ പങ്കെടുത്തു.
സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് സന്നിഹിതനായിരുന്നു. വികേന്ദ്രീകൃതവും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണ പദ്ധതിയുടെ ആശയം മേയര്‍ യോഗത്തില്‍ അവതരിപ്പിച്ചു.
നഗരസഭാ സെക്രട്ടറി എം. ബാബു അബ്ദുള്‍ ഖാദിര്‍, ക്യാംപ് കമാന്‍ഡന്റ് സുരേഷ്കുമാര്‍, ശുചിത്വമിഷന്, ഹരിത കേരള മിഷന്, ക്ലീന്‍ കേരള പ്രതിനിധികള്‍, വിവിധ സര്‍വീസ് പ്രൊവൈഡര്‍മാര്‍, കുടുംബശ്രീ ജില്ലാ മിഷന് പ്രതിനിധികള്‍, മാലിന്യ സംസ്കരണ രംഗത്തെ വിവിധ സര്‍വീസ് പ്രൊവൈഡര്‍മാര്‍ തുടങ്ങി മൂന്നൂറോളം പേര് പങ്കെടുത്തു.