ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയിലെ നവീകരണ ജോലികള്‍ ആരംഭിച്ചു
1508135
Friday, January 24, 2025 11:37 PM IST
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയിലെ നവീകരണ ജോലികള്‍ ആരംഭിച്ചു. ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും വനംവകുപ്പിന്റെ തടസവാദങ്ങളെതുടര്ന്ന് ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ നിര്‍മാണ ജോലികള്‍ ആരംഭിച്ചിരുന്നില്ല. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14.5 കിലോമീറ്റര്‍ ദൂരത്തില്‍ മുടങ്ങിക്കിടന്നിരുന്ന നവീകരണ ജോലികളാണ് ആരംഭിച്ചിരിക്കുന്നത്. കാലതാമസം ഒഴിവാക്കി ദ്രുതഗതിയില്‍ പണികള്‍ പൂര്‍ത്തിയാക്കാനാണ് എന്‍എച്ച്എഐ അധികൃതര്‍ കരാറുകാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.
10 മീറ്റര്‍ ടാറിംഗ് ഉള്‍പ്പെടെ 12 മീറ്റര്‍ വീതിയിലാണ് നവീകരണ ജോലികള്‍ നടക്കുക. ദേശീയപാതയുടെ മറ്റിടങ്ങളില്‍ വീതി കൂട്ടി ടാറിംഗ് നടത്തുന്ന ജോലികള്‍ പുരോഗമിക്കുന്നുണ്ട്. സംരക്ഷണ ഭിത്തിയുടെ നിര്‍മാണവും ഓടകളുടെ നിര്‍മാണവും ഇതോടൊപ്പം നടക്കും.
കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള ദൂരത്തില്‍ 980 കോടി അനുവദിച്ചുള്ള നവീകരണ പ്രവർത്തികള്‍ ആറു മാസം മുന്‍പാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നേര്യമംഗലത്ത് പുതിയ പാലത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. നേര്യമംഗലം വനമേഖലയില്‍ റോഡ് നവീകരിക്കപ്പെടുന്നതോടെ ഗതാഗതകുരുക്കും അപകടങ്ങളും കുറയുമെന്നാണ് പ്രതീക്ഷ.